supplyco

കൊല്ലം: ഓണക്കാലത്ത് പൊതുവിപണിയിൽ വൻ വിലവർദ്ധനവിന് വഴിയൊരുക്കി സപ്ലൈകോ ഔട്ട്ലെറ്റുകൾ കാലി. ഓണക്കിറ്റ് തയ്യാറാക്കാനായി സ്റ്റോക്കുള്ള പല ഇനങ്ങളുടെയും വില്പന നിറുത്തിവച്ചിരിക്കുകയാണ്.

ലോക്ക് ഡൗൺ കാലത്തേതിന് സമാനമായ അവസ്ഥയിലാണ് ഒട്ടുമിക്ക സപ്ലൈകോ വില്പനശാലകളും. ഔട്ട്ലെറ്റുകൾക്ക് നൽകാൻ പഞ്ചസാരയും അരിയും മാത്രമാണ് ഡിപ്പോകളിൽ സ്റ്റോക്കുള്ളത്. മുളക്, മല്ലി, വെളിച്ചെണ്ണ, ഉഴുന്ന് തുടങ്ങിയ ഇനങ്ങൾ ഒട്ടുമിക്ക ഔട്ട്ലെറ്റുകളിലുമില്ല. ലോക്ക്ഡൗൺ കാലത്തിന് ശേഷം സപ്ലൈകോയിലെ കച്ചവടം അല്പമൊന്ന് പച്ചപിടിച്ച് വരുമ്പോഴാണ് സ്റ്റോക്കില്ലാതെ വീണ്ടും പഴയ അവസ്ഥയിലേക്ക് പോകുന്നത്.

ഓണക്കിറ്റിനുള്ള ഇനങ്ങൾ വാങ്ങാനുള്ള നടപടികൾ മാത്രമാണ് ഇപ്പോൾ സപ്ലൈകോയിൽ നടക്കുന്നത്. ഇവ എത്തുമ്പോൾ പൂർണമായും കിറ്റിനായി മാറ്റിവയ്ക്കുകയും ചെയ്യും. ഇതോടെ ഓണക്കാലത്ത് സബ്സിഡി വിലയ്ക്കും സബ്സിഡി രഹിത വിലയ്ക്കും ഭക്ഷ്യവസ്തുക്കൾ വില്പനയ്ക്കില്ലാത്ത അവസ്ഥയാകും. ഇപ്പോൾ ഔട്ട്ലെറ്റുകളിൽ ജോലിക്കുള്ള വലിയൊരു വിഭാഗം ജീവനക്കാരെയും ഓണക്കിറ്റ് തയ്യാറാക്കുന്നതിനായി നിയോഗിക്കേണ്ടിയും വരും.

ഓണക്കിറ്റും പ്രതിസന്ധിയിൽ

എ.ഐ.വൈ വിഭാഗങ്ങൾക്കുള്ള ഓണക്കിറ്റ് വിതരണത്തിനായി ഈമാസം ഏഴിന് കടകളിലെത്തിക്കാനായിരുന്നു ആലോചന. കിറ്റ് തയ്യാറാക്കാനുള്ള സ്റ്റോക്ക് ഇല്ലെന്ന് മാത്രമല്ല ഉള്ളവ പായ്ക്ക് ചെയ്യാനും തുടങ്ങിയിട്ടില്ല. അതിജീവനകിറ്റ്, സ്കൂൾ കിറ്റ്, അന്യസംസ്ഥാന തൊഴിലാളി കിറ്റ്, തീരദേശ കിറ്റ് എന്നിവ പായ്ക്ക് ചെയ്തതിനുള്ള പണം നൽകാത്തതിനാൽ ഭരണാനുകൂല സംഘടനകൾ ഓണക്കിറ്റ് വിതരണവുമായി സഹകരിക്കില്ലെന്ന നിലപാടിലാണ്.

കിറ്റ് വിതരണം

മുൻഗണനാ വിഭാഗം: 15ന്

മുൻഗണനേതര സബ്സിഡി: 20ന്

മുൻഗണനേതര സബ്സിഡി രഹിതം: 25ന്

വിലനിലവാരം

ഇനം- സപ്ലൈകോ സബ്സിഡി രഹിത വില ​- പൊതുവിപണി വില

ചെറുപയർ- 107, 95

കടല- 59, 57

മുളക്- 130, 130

മല്ലി- 84, 86

പഞ്ചസാര- 38.50, 40

ശർക്കര വില എരിയുന്നു

ശർക്കര വില കിലോയ്ക്ക് 55 രൂപയായി വർദ്ധിച്ചു. 20 ദിവസം മുൻപ് വരെ 48 രൂപയായിരുന്നു. തമിഴ്നാട്ടിലെ മധുര, കമ്പം, തേനി, രാജപാളയം എന്നിവിടങ്ങളിൽ നിന്നാണ് ശർക്കര എത്തുന്നത്. ഇപ്പോൾ ഇവിടങ്ങളിൽ കരിമ്പ് സീസൺ കഴിഞ്ഞതാണ് വിലവർദ്ധനവിന് കാരണം.

'' സെൻട്രലൈസ്ഡ് പർച്ചേസിൽ ഉൾപ്പെടുന്ന ഇനങ്ങളാണ് ഇല്ലാത്തത്. ഇവ ഉടൻ ഹെഡ് ഓഫീസ് നേരിട്ട് വാങ്ങിയെത്തിക്കും. ജി.എസ്. ഗോപകുമാർ സപ്ലൈകോ ഡിപ്പോ മാനേജർ, കൊല്ലം