kudu

 ജില്ലയിൽ 11 ഫിനിഷിംഗ് സ്കൂളുകൾ

കൊല്ലം: മത്സര പരീക്ഷകൾ നേരിടാനും ജീവിത പ്രതിസന്ധികളെ മറികടക്കാനും യുവാക്കളെ സജ്ജരാക്കാൻ ജില്ലയിൽ കുടുംബശ്രീ 11 പരിശീലന കേന്ദ്രങ്ങൾ തുടങ്ങുന്നു. യുവാക്കൾക്ക് ജോലി ലഭിക്കാൻ അവസരമൊരുക്കുന്ന ഫിനിഷിംഗ് സ്‌കൂൾ എന്ന നിലയിലാണ് 'കണക്ട് ടു വർക്ക്' എന്ന പേരിൽ പുത്തൻ ആശയം നടപ്പിലാക്കുന്നത്.

11 ബ്ലോക്ക് പഞ്ചായത്തുകളിലെയും തിരഞ്ഞെടുത്ത പഞ്ചായത്തുകളിലുമാണ് പരിശീലന കേന്ദ്രങ്ങൾ തുറക്കുക. ആദ്യ ബാച്ചിൽ 33 പേർക്കാണ് പ്രവേശനം. ജില്ലയിലെ 11 കേന്ദ്രങ്ങളിലായി മൂന്ന് മാസം ദൈർഘ്യമുള്ള ആദ്യ ബാച്ചിൽ 366 പേർക്ക് പരിശീലനം നൽകാനുള്ള സൗകര്യങ്ങളുണ്ട്. പരിശീലന കേന്ദ്രങ്ങളിലെ ഭൗതിക സാഹചര്യങ്ങളൊരുക്കാൻ 23.10 ലക്ഷം രൂപ തിരഞ്ഞെടുത്ത പഞ്ചായത്തുകളിലെ കുടുംബശ്രീ സി.ഡി.എസിന് കൈമാറി.

120 മണിക്കൂർ ദൈർഘ്യമുള്ള കോഴ്‌സാണ് നൽകുക. പേഴ്‌സണൽ സ്‌കിൽസ്, സോഷ്യൽ സ്‌കിൽസ്, ഓർഗനൈസേഷണൽ സ്‌കിൽസ്, പ്രൊഫഷണൽ സ്‌കിൽസ്, പ്രസന്റേഷൻ സ്‌കിൽസ്, എന്റർപ്രണർഷിപ്പ് സ്‌കിൽസ് തുടങ്ങിയവ പഠിപ്പിക്കും. ആദ്യഘട്ട വിജയം അനുസരിച്ച് പിന്നീടുള്ള ഘട്ടങ്ങൾ ആരംഭിക്കും. പരിശീലനം നൽകാൻ അസാപുമായി കരാറിലെത്തി. അസാപ് പരിശീലകരാകും ക്ലാസുകൾ നയിക്കുക.

കേന്ദ്രങ്ങൾക്ക് 2.10 ലക്ഷം വീതം

കമ്പ്യൂട്ടർ, പ്രോജക്ടർ, ബോർഡ്, മേശ, കസേര, പഠിതാക്കൾക്കുള്ള യാത്രാബത്ത, പരിശീലന കേന്ദ്രം ഏകോപിപ്പിക്കാൻ തെരഞ്ഞെടുത്ത റിസോഴ്‌സ് പേഴ്‌സണുള്ളള ഓണറേറിയം തുടങ്ങിയവയ്ക്കായി 2.10 ലക്ഷം വീതം തിരഞ്ഞെടുത്ത 11 സി.ഡി.എസുകൾക്കും നൽകി. പഞ്ചായത്ത് ഓഫീസുകൾ, കുടുംബശ്രീയും പഞ്ചായത്തും ചേർന്ന് തിരഞ്ഞെടുക്കുന്ന സ്ഥലം എന്നിവിടങ്ങളിലാകും കേന്ദ്രം സജ്ജമാക്കുക.

പരിശീലനം ആർക്കൊക്കെ

 യോഗ്യത ഐ.ടി.ഐ, പോളിടെക്‌നിക് ഡിപ്ലോമ, ബിരുദം, ബിരുദാനന്തര ബിരുദം

 കുടുംബത്തിൽ ആരെങ്കിലും കുടുംബശ്രീ അംഗമായിരിക്കണം

 അല്ലെങ്കിൽ ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള കുടുംബമായിരിക്കണം

 പരമാവധി പ്രായം 35

 പങ്കെടുക്കുന്നവർക്ക് ബസ് കൂലി നൽകും

 ആഗസ്റ്റ് 31 വരെ പഞ്ചായത്തുകളിലെ കുടുംബശ്രീ ഓഫീസുകളിൽ അപേക്ഷ നൽകാം

 കൊവിഡ് വ്യാപന ഭീതി ഒഴിഞ്ഞാൽ ഒക്ടോബർ ആദ്യവാരം ക്ലാസ് തുടങ്ങും

കേന്ദ്രങ്ങൾ: 11

പ്രവേശനം: 33 പേർക്ക്

ദൈർഘ്യം: 3 മാസം

ജില്ലയിലെ കേന്ദ്രങ്ങൾ

 അഞ്ചൽ  വെളിനല്ലൂർ  ചവറ  പനയം  പൂതക്കുളം  പൂയപ്പള്ളി  നെടുമ്പന  ഓച്ചിറ  പിറവന്തൂർ  പോരുവഴി  കുളക്കുട

''

ആഗസ്റ്റ് 31 വരെ കുടുംബശ്രീ ഓഫീസുകളിൽ അപേക്ഷ നൽകാം. കൊവിഡ് ഭീതി മാറുന്നത് അനുസരിച്ച് സർക്കാർ നിർദേശത്തോടെ ക്ലാസ് തുടങ്ങും.

എ.ജി.സന്തോഷ്, കോ ഓർഡിനേറ്റർ

കുടുംബശ്രീ ജില്ലാ മിഷൻ