കൊല്ലം: കൊവിഡ് ഡ്യൂട്ടിക്കിടെ ആറുവയസുകാരിയുടെ ജീവൻ രക്ഷിച്ച് നീണ്ടകര കോസ്റ്റൽ പൊലീസ് സ്റ്റേഷനിലെ എ. എസ്. ഐ അസിം. ചവറ ഇടപ്പള്ളിക്കോട്ടയ്ക്ക് സമീപം എസ്.എസ്.എസ് മൻസിലിൽ സജിയുടെ മകൾ ആദില വൈദ്യുതാഘാതമേറ്റ് മരണത്തെ മുഖാമുഖം കണ്ട സന്ദർഭത്തിലാണ് രക്ഷകനായെത്തിയത്.
കഴിഞ്ഞ ദിവസം വൈകിട്ട് കൂട്ടുകാരികൾക്ക് ഒപ്പം വീട്ടുമുറ്റത്ത് കളിക്കുകയായിരുന്നു ആദില. കളി മൂത്തപ്പോൾ അവർ മതിലിനു മുകളിൽ കയറി. മതിലിനോട് ചേർന്നുള്ള പോസ്റ്റിൽ തെരുവ് വിളക്ക് കത്തിക്കാൻ താഴേക്ക് കൊടുത്തിരുന്ന ലൈനിൽ ആദില പിടിച്ചതോടെയാണ് ഷോക്കേറ്റത്. കുട്ടിയുടെ നിലവിളി കേട്ട് ഓടിയെത്തിയവർ എന്തു ചെയ്യണമെന്ന് അറിയാതെ പകച്ച് കൂട്ടനിലവിളിയായി. അതു കേട്ട് ഓടി എത്തിയതായിരുന്നു അസിം. കൈയിൽ കിട്ടിയ റബർ മാറ്റുകൊണ്ട് കുട്ടിയുടെ കൈ കമ്പിയിൽ നിന്ന് തട്ടി മാറ്റി. മയങ്ങി വീണ കുട്ടിയുടെ നെഞ്ച് അമർത്തിയും കൃത്രിമ ശ്വാസം നൽകിയും ജീവൻ തിരിച്ചുപിടിച്ചു. പൊലീസിനെ അറിയിച്ച് ആംബുലൻസ് വരുത്തി ചവറ പ്രൈമറി ഹെൽത്ത് സെന്ററിൽ എത്തിച്ചു. അസിമിന്റെ ഞൊടിയിടയിലുള്ള പ്രവൃത്തികളാണ് കുട്ടിയുടെ ജീവൻ രക്ഷിച്ചതെന്ന് ആശുപത്രിയിലെ ഡോ. നിതു ജലീൽ. സുഖം പ്രാപിച്ച കുട്ടിയെ വീട്ടിലേക്ക് കൊണ്ടുപോയി.