collectoir

കൊല്ലം: കളക്ടറേറ്റിലെ ഒരു ജീവനക്കാരിയുടെ ഭർത്താവിന് കൊവിഡ് സ്ഥിരീകരിച്ചതോടെ സെക്കൻഡറി കോൺടാക്ടായ ജില്ലാ കളക്ടർ ബി. അബ്ദുൽ നാസർ ക്വാറന്റൈനിൽ പ്രവേശിച്ചു. കളക്ടർ നിരീക്ഷണത്തിൽ വിശ്രമത്തിലാണെന്ന് കരുതിയെങ്കിൽ തെറ്റി, ഓഫീസിൽ പോകുന്നില്ലെന്ന് മാത്രമേയുള്ളു. ഒപ്പിടേണ്ട പേപ്പറുകളെല്ലാം കളക്ടറുടെ വസതിയിലെത്തും.

സ്രവപരിശോധനാ ഫലം തിങ്കളാഴ്ചയേ വരൂ. ഫലം നെഗറ്റീവാണെങ്കിൽ അന്നുവരെ മാത്രമേ ക്വാറന്റൈൻ ഉണ്ടാവൂ. മുഖ്യമന്ത്രിയുമായും മറ്റ് ഉദ്യോഗസ്ഥരുമായും നടത്തുന്ന വീഡിയോ കോൺഫറൻസും പതിവുപോലെ നടക്കുന്നുണ്ട്. ഉദ്യോഗസ്ഥർക്ക് ആവശ്യമായ നിർദേശങ്ങളും നൽകുന്നുണ്ട്. കളക്ടർക്കൊപ്പം ഒരുകൂട്ടം ഉദ്യോഗസ്ഥരും ക്വാറന്റൈനിലാണ്.
ഇന്നലെ പെരുന്നാൾ ദിനത്തിലും രാവിലെ നിസ്‌കാരം കഴിഞ്ഞ് കളക്ടർ പതിവ് ജോലിത്തിരക്കിലായിരുന്നു. ഇതിനിടെ താൻ ക്വാറന്റൈനിലാണെന്ന് അദ്ദേഹം തന്നെയാണ് ഫേസ് ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്. കൊവിഡ് നിയന്ത്രണങ്ങളും മറ്റ് ഭരണപരമായ കാര്യങ്ങളും നോക്കിനടത്താനുള്ള ഓട്ടത്തിനിടയിൽ ഭക്ഷണം പോലും മറന്നിരുന്നു. ക്വാറന്റൈനിൽ ഭക്ഷണം മാത്രം കൃത്യമായി. എന്നാൽ മറ്റ് തിരക്കുകൾ പിന്നാലെയുണ്ട്.

റെഡ്‌സോണോ കണ്ടെയ്ൻമെന്റ് സോണോ എന്നൊന്നും നോക്കാതെയാണ് ജോലി ചെയ്തിരുന്നത്. ഇതിനിടെ കളക്ടറേറ്റിൽ അദ്ദേഹത്തിന്റെ സഹപ്രവർത്തകയുടെ ഭർത്താവിന് കൊവിഡ് പോസിറ്റീവായെന്ന് ബോദ്ധ്യമായപ്പോൾ സ്വയം ക്വാറന്റൈനിൽ പോകാൻ തീരുമാനിക്കുകയായിരുന്നു. കണ്ടെയ്ൻമെന്റ് സോണിൽ നിന്നുള്ള മറ്റ് രോഗങ്ങൾക്ക് സ്വകാര്യ ആശുപത്രികൾ ചികിത്സ നിഷേധിക്കുന്നത് കളക്ടറുടെ ശ്രദ്ധയിൽ വന്നിട്ടുണ്ട്. ഇത്തരം ആശുപത്രികൾക്കെതിരെ പരാതി ലഭിച്ചാൽ ആശുപത്രികൾ സർക്കാർ ഏറ്റെടുക്കുമെന്നും കളക്ടർ വ്യക്തമാക്കി.