നിലവിൽ 55 പേർ മാത്രം നിരീക്ഷണത്തിൽ
കൊല്ലം: നഗരത്തിലെ ആദ്യ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററായ ആശ്രാമം ഹോക്കി സ്റ്റേഡിയത്തിൽ രോഗികൾ ഒഴിയുന്നു. ഒരു ഘട്ടത്തിൽ 170 ഓളം കൊവിഡ് ബാധിതർ ഉണ്ടായിരുന്ന ഇവിടെയിപ്പോൾ 55 പേർ മാത്രമാണ് നിരീക്ഷണത്തിലുള്ളത്.
ഈ മാസം 18നാണ് ഹോക്കി സ്റ്റേഡിയത്തിൽ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ പ്രവർത്തനമാരംഭിച്ചത്. ഇതുവരെ 202 രോഗികളെ പ്രവേശിപ്പിച്ചു. 147 പേർ രോഗമുക്തരായി മടങ്ങി. കഴിഞ്ഞ നാല് ദിവസമായി വളരെക്കുറച്ച് പേരെ മാത്രമാണ് പ്രവേശിപ്പിക്കുന്നത്. എത്തുന്നവർ വളരെ വേഗം രോഗമുക്തരായി മടങ്ങുന്നതും ആശ്വാസം നൽകുന്നു. 200 പേർക്കുള്ള സൗകര്യമാണ് ഇവിടെയുള്ളത്.
4 കേന്ദ്രങ്ങൾ
കൊല്ലം എസ്.എൻ ലാ കോളേജ്, ഫാത്തിമ കോളേജ്, ബിഷപ്പ് ജെറോം എൻജിനീയറിംഗ് കോളേജ് എന്നിവിടങ്ങളിലും ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ സജ്ജമാണ്. രോഗവ്യാപനം വർദ്ധിച്ച സാഹചര്യത്തിലാണ് ഈ മൂന്നിടത്ത് കൂടി കൊവിഡ് ബാധിതരെ നിരീക്ഷിക്കാനുള്ള സൗകര്യമൊരുക്കിയത്. ഇനി കൂടുതൽ പേർക്ക് സ്ഥിരീകരിച്ചാലും ഹോക്കി സ്റ്റേഡിയം നിറഞ്ഞശേഷമേ മറ്റിടങ്ങളിൽ പ്രവേശിപ്പിക്കൂ.
77 കൊവിഡ് ബാധിതർ
നഗരത്തിൽ 77 കൊവിഡ് ബാധിതരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇതിൽ പകുതിയിലേറെപ്പേർ തമിഴ്നാട്ടിൽ നിന്നെത്തിയ മത്സ്യത്തൊഴിലാളികളാണ്. 48 പേർ രോഗമുക്തരായി. രണ്ട് പേർ മരണമടഞ്ഞു. 127 പേർക്കാണ് നഗരത്തിൽ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്.
ഹോക്കി സ്റ്റേഡിയത്തിൽ
പ്രവേശിപ്പിച്ചത്: 202 പേരെ
രോഗമുക്തരായത്: 147