കൊല്ലം: കല്ലുവാതുക്കൽ പഞ്ചായത്തിൽ വട്ടക്കുഴിക്കൽ വാർഡിൽ റബർ മരത്തിൽ കാണപ്പെട്ട കടന്നൽക്കൂട് പ്രദേശവാസികൾക്ക് ഭീഷണിയാകുന്നു. മരത്തിന്റെ ചെറിയ ചില്ലയിൽ സ്ഥിതിചെയ്യുന്ന കടന്നൽക്കൂട് ഭാരം കൂടുതലായതിനാൽ ഏതുനിമിഷവും താഴേക്ക് പതിക്കുമെന്ന നിലയിലാണ്.
ഇളംകുളം താഴം ലീലാ ഭവനത്തിൽ മുരളീധരൻ പിള്ളയുടെ വീടിന് സമീപത്തെ റബർ മരത്തിലാണ് കടന്നൽക്കൂട് കാണപ്പെട്ടത്. കൂട് താഴേക്ക് പതിച്ചാൽ കൂട്ടത്തോടെ കടന്നലുകൾ ഇളകുകയും സമീപത്തുള്ളവർക്ക് കടന്നൽ കുത്തേറ്റ് മരണം വരെ സംഭവിക്കാമെന്നും നാട്ടുകാർ ഭയപ്പെടുന്നു. വാർഡ് മെമ്പറുൾപ്പെടെയുള്ളവരെ വിവരമറിയിച്ചതായി സമീപവാസികൾ പറയുന്നു.