തഴവ: കുന്നത്തൂരിലെ ആരോഗ്യപ്രവർത്തകയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് തഴവ പാവുമ്പയിൽ കുടുംബാംഗങ്ങളുൾപ്പെടെ അവരുടെ പ്രാഥമികസമ്പർക്കപ്പട്ടികയിൽപ്പെട്ട അമ്പതിലധികം പേരുടെ സ്രവ പരിശോധന ഇന്ന് നടക്കും. പാവുമ്പ പാലമൂട് വാർഡിൽ ആരോഗ്യ പ്രവർത്തകയും ഭർത്താവുമായി അടുത്ത് ഇടപഴകിയ അമ്പതിലധികം പേരുടെ സ്രവപരിശോധനയാണ് ഇന്ന് നടക്കുക. മണപ്പള്ളി തണ്ണീർക്കര പ്രാഥമികാരോഗ്യകേന്ദ്രത്തിൽ നടക്കുന്ന പരിശോധനയ്ക്ക് മെഡിക്കൽ ഓഫീസർ. ഡോ.സംഗീത നേതൃത്വം നൽകും. പ്രാഥമിക സമ്പർക്കത്തിൽപ്പെട്ട അമ്പതിലധികം പേരുടെ പട്ടികയാണ് തയ്യാറാക്കിയിട്ടുള്ളതെങ്കിലും പരമാവധി ആളുകളെ പരിശോധനയ്ക്ക് വിധേയരാക്കി രോഗ വ്യാപനം തടയുകയാണ് ലക്ഷ്യം. രോഗബാധിതയായി കൊല്ലത്ത് കൊവിഡ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ആരോഗ്യ പ്രവർത്തകയുടെ ആരോഗ്യ നില തൃപ്തികരമാണ്. ഇവർ പനിബാധിച്ച് ചികിത്സതേടിയ മണപ്പളളിയിലെ സ്വകാര്യ ആശുപത്രിയും പരിസരവും അണുവിമുക്തമാക്കി. പാലമൂട് വാർഡ് കേന്ദ്രീകരിച്ച് ഇന്ന് കൂടുതൽ ആരോഗ്യ ബോധവത്ക്കരണ പ്രവർത്തനങ്ങൾ നടക്കുമെന്ന് ഹെൽത്ത് ഇൻസ് പെക്ടർ പ്രദീപ് വാരിയത്ത് വെളിപ്പെടുത്തി. രണ്ട് കുടുംബങ്ങളിലായി ഏഴുപേർക്ക് രോഗ ബാധയുണ്ടായ കടത്തൂരിലും സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണ്. പുതിയ പോസിറ്റീവ് കേസുകളൊന്നും അവിടെയും റിപ്പോർട്ടായിട്ടില്ല.
ജാഗ്രതക്കുറവ്
രോഗബാധയുണ്ടായ കടത്തൂർ വാർഡിൽ നിയന്ത്രണങ്ങൾ തുടർന്നുവരികയാണെങ്കിലും സമീപത്തെ ചില വാർഡുകളിൽ ജനങ്ങളുടെ ജാഗ്രതക്കുറവ് ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്. മാസ്ക് ധരിക്കാതെയും സാമൂഹ്യ അകലം പാലിക്കാതെയും ആളുകൾ കൂട്ടംകൂടുന്നതാണ് പ്രശ്നം. നിരീക്ഷണത്തിലിരിക്കുന്ന 18, 19, 21,22 വാർഡുകളിൽ ചിലകടകളിൽ ആളുകൾ കൂട്ടം കൂടാൻ ഇടയാക്കുന്നതായി പരാതികൾ ഉയരുന്നുണ്ട്. ആരോഗ്യവകുപ്പും പഞ്ചായത്തും ഇത്തരം സ്ഥാപനങ്ങളിൽ പരിശോധന നടത്തുമെന്നും നിയമലംഘനം തുടർന്നാൽ ശക്തമായ നടപടികൈക്കൊള്ളുമെന്നും പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.