കൊല്ലം: കരുനാഗപ്പള്ളി താലൂക്കിലെ അര‌ ഡസനോളം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കായി ആയിരം കിടക്കകളുമായി വള്ളിക്കാവിലാരംഭിക്കാനിരിക്കുന്ന ഫസ്റ്റ് ലൈൻ കൊവിഡ് ട്രീറ്ര് മെന്റ് സെന്റർ വൈകും. ഇന്ന് പ്രവർത്തനം ആരംഭിക്കുമെന്നായിരുന്നു പ്രഖ്യാപനമെങ്കിലും ഇവിടേക്ക് ആവശ്യമായ ജീവനക്കാരുടെ നിയമനം പൂർത്തിയാകാത്തതും മരുന്നും രോഗികൾക്കാവശ്യമായ അവശ്യവസ്തുക്കളും എത്തിക്കുന്നതിലുണ്ടായ കാലതാമസവുമാണ് തടസമായത്.

കഴുകി വൃത്തിയാക്കി കിടക്കകൾ

വള്ളിക്കാവ് അമൃത എൻജിനീയറിംഗ് കോളേജിന്റെ ഹോസ്റ്റൽ കെട്ടിടങ്ങളിലാണ് വിവിധ ബ്ളോക്കുകളിലായി ഫസ്റ്റ് ലൈൻ ട്രീറ്ര് മെന്റ് സെന്ററുകൾ ആരംഭിക്കുന്നത്. കുലശേഖരപുരം പഞ്ചായത്തിനെ കൂടി ഇതിൽ ഉൾപ്പെടുത്തിയതോടെ ആയിരം രോഗികളെ പ്രവേശിപ്പിക്കാനുള്ള സംവിധാനങ്ങളാണ് സജ്ജമായിരിക്കുന്നത്. ആലപ്പാട്, ക്ളാപ്പന, കുലശേഖരപുരം, തഴവ, തൊടിയൂർ പഞ്ചായത്തുകൾക്കും ഓച്ചിറ ബ്ളോക്ക് പഞ്ചായത്തിനുമായാണ് ട്രീറ്റ് മെന്റ് സെന്റർ. ഓരോ പഞ്ചായത്തിനും പ്രത്യേകം ബ്ളോക്കുകളാക്കി തിരിച്ച് കൈമാറിയ കെട്ടിടങ്ങൾ തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ കഴുകി വൃത്തിയാക്കി കിടക്കകൾ നിരത്തിയെങ്കിലും രോഗികൾക്കാവശ്യമായ മറ്റ് സാധനങ്ങളൊന്നും എത്തിയിട്ടില്ല.

ആഗസ്റ്റ് 4ന് പ്രവർത്തനം ആരംഭിച്ചേക്കും

ഓരോ ബ്ളോക്കിലും ഡോക്ടർമാരുൾപ്പെടെ ആരോഗ്യ പ്രവർത്തകർക്കായി പ്രത്യേക സ്ഥലം, മരുന്ന് സംഭരിക്കാനുംവിതരണം ചെയ്യാനുമുളള സംവിധാനം, സ്രവം ശേഖരിക്കാനുളള ക്യാബിൻ എന്നിവയും സജ്ജമാക്കേണ്ടതുണ്ട്. മരുന്നുകൾ സൂക്ഷിക്കാനുള്ള ഫ്രിഡ്ജുകൾ ലഭ്യമായെങ്കിലും തുണികൾ കഴുകാനുളള വാഷിംഗ് മെഷീൻ മെത്ത, കിടക്കവിരി, കൈലി,നൈറ്റികൾ, തോർത്ത്, സോപ്പ്, ബക്കറ്റ്, കപ്പ്, പേസ്റ്റ്, ബ്രഷ് തുടങ്ങിയ സാധനങ്ങൾ വേണ്ടിവരുന്നുണ്ട്. ഇവ പൊതുജനങ്ങളിൽ നിന്ന് സ്പോൺസർഷിപ്പ് മുഖാന്തിരമോ പഞ്ചായത്തുകൾ പണംമുടക്കിയോ സംഘടിപ്പിക്കാനാണ് ശ്രമം. പൊതുജനങ്ങളിൽ നിന്ന് ഇത്തരം സാധനങ്ങൾ സമാഹരിക്കാനായി ഓച്ചിറ ബ്ളോക്ക് പഞ്ചായത്തിൽ കളക്ഷൻ സെന്റർ‌ ആരംഭിക്കും.

തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങൾ സന്നദ്ധ പ്രവർത്തകരെയും നിയമിക്കണം. ഇത്തരം കാര്യങ്ങളെല്ലാം പൂർത്തിയാക്കി ആഗസ്റ്റ് 4ന് പ്രവർത്തനം ആരംഭിക്കാനാകുമെന്നാണ് ഇപ്പോഴത്തെ പ്രതീക്ഷ.

കുടുംബശ്രീ യൂണിറ്റ് ഭക്ഷണമെത്തിക്കും

താലൂക്കിൽ കൊവിഡ് കേസുകൾ വർദ്ധിച്ച സാഹചര്യത്തിലാണ് വിപുലമായ ഫസ്റ്ര് ലൈൻ ട്രീറ്ര് മെന്റ് സെന്റ‌ർ തുടങ്ങാൻ അധികൃതർ നിർബന്ധിതരായത്. ലക്ഷണങ്ങൾ പ്രകടമാക്കാത്തതും എന്നാൽ കൊവിഡ് പൊസിറ്റീവായതുമായ ആളുകളെയാണ് ഇവിടെ പ്രവേശിപ്പിക്കുക. സന്നദ്ധ സംഘടനകളുടെയും സ്പോൺസർമാരുടെയും സഹായത്തിന് പുറമേസെന്ററിന്റെ പ്രവർത്തനത്തിനാവശ്യമായി വരുന്ന മുഴുവൻ ചെലവും പഞ്ചായത്തുകൾ തുല്യമായി വീതിക്കാനാണ് തീരുമാനം. ക്ളാപ്പന പഞ്ചായത്തിലെ കുടുംബശ്രീ യൂണിറ്റിനാണ് മെനുപ്രകാരമുള്ള ഭക്ഷണം മൂന്നുനേരവും പാഴ്സലായി എത്തിക്കാനുള്ള ചുമതല.ഓച്ചിറ പഞ്ചായത്തിനായി ചങ്ങൻകുളങ്ങര സന ആഡിറ്റോറിയത്തിലും ഫസ്റ്റ് ലൈൻ ട്രീറ്റ് സെന്റർ സജ്ജമാകുന്നുണ്ട്. ആർ. രാമചന്ദ്രൻ എം.എൽ.എയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ബിനുൻ വാഹിദ്, പഞ്ചായത്ത് പ്രസിഡന്റുമാർ, സെക്രട്ടറിമാർ, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ വള്ളിക്കാവിൽ ക്യാമ്പ് ചെയ്ത് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് വരികയാണ്.