നിർമ്മാണം നടക്കുമ്പോൾ ഉദ്യോഗസ്ഥർ ഉണ്ടാകാറില്ലെന്ന് വിമർശനം
ശാസ്‌താംകോട്ട: ചക്കുവള്ളി - മലനട റോഡ് നിർമ്മാണത്തിലെ വീഴ്ചകളും ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥതയും അക്കമിട്ട് നിരത്തി നാട്ടുകാർ മന്ത്രി ജി.സുധാകരന് പരാതി നൽകി. പോരുവഴി പെരുവിരുത്തി മലനട ക്ഷേത്രത്തിന് മുമ്പിലെ റോഡിന്റെ ഒരു ഭാഗം രണ്ടടി താഴ്ചയിൽ ടാറിംഗ് ഉൾപ്പെടെ ഇളക്കി മാറ്റിയിട്ട് ദിവസങ്ങളായി. മുന്നറിയിപ്പ് ബോർഡ് പോലും സ്ഥാപിക്കാതെയാണ് ക്ഷേത്രത്തിന് മുമ്പിലടക്കം റോഡിന്റെ ഭാഗങ്ങൾ ഇളക്കിയത്. ഇതോടെ രാത്രിയിലെത്തിയ നിരവധി ഇരുചക്രവാഹനങ്ങളും ഒരു കാറും ഇവിടെ കുഴിയിൽ വീണു. സുരക്ഷാ മുൻകരുതൽ ഇല്ലാതെ റോഡ് കുഴിക്കരുതെന്ന് ആവശ്യപ്പെട്ട പ്രദേശവാസികളോട് കരാറുകാരുടെ ജീവനക്കാർ തട്ടിക്കയറിയതായും പരാതിയുണ്ട്. റോഡ് നിർമ്മാണം നടക്കുമ്പോൾ പൊതുമരാമത്ത് വകുപ്പിന്റെ ഉദ്യോഗസ്ഥർ സ്ഥലത്തുണ്ടാകണമെന്നാണ് വ്യവസ്ഥയെങ്കിലും വല്ലപ്പോഴും വന്ന് പോകുന്നതാണ് ഉദ്യോഗസ്ഥരുടെ രീതി. ഇതോടെയാണ് റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് നടക്കുന്ന ക്രമവിരുദ്ധ പ്രവർത്തനങ്ങൾ ചൂണ്ടിക്കാടി മന്ത്രി ജി.സുധാകരന് നാട്ടുകാർ പരാതി നൽകാൻ നിർബന്ധിതരായതെന്ന് നാട്ടുകാർ പറയുന്നു. നാട്ടുകാരുമായി വാക്കേറ്റമുണ്ടായതിന് ശേഷമാണ് റോഡിലെ കുഴികൾക്ക് സമീപം അപകട മുന്നറിയിപ്പെന്ന തരത്തിൽ ടാർ വീപ്പകൾ സ്ഥാപിക്കാൻ ജീവനക്കാർ തയ്യാറായത്. പത്ത് മീറ്റർ വീതിയിലാണ് നിർമ്മാണത്തിന് എസ്റ്റിമേറ്റ് തയ്യാറാക്കിയതെങ്കിലും പല ഭാഗത്തും റോഡിന്റെ വീതി പത്ത് മീറ്ററാക്കാൻ ബന്ധപ്പെട്ടവർക്ക് താത്പ്പര്യമില്ല. റോഡിലേക്ക് കയറി നിൽക്കുന്ന വൈദ്യുതി തൂണുകൾ മാറ്റി സ്ഥാപിക്കുന്നതിനുള്ള നടപടികളും ഉണ്ടാകുന്നില്ല. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് റോഡ് നിർമ്മാണം നടക്കുന്നത്.