പുനലൂർ: കരവാളൂർ പഞ്ചായത്തിലെ ഇരപ്പിൻ കരയിൽ റോഡിലേക്ക് ഇറക്കി മതിൽ കെട്ടാനുള്ള ശ്രമം സി .പി ഐ യുടെയും റെസിഡൻസ് അസോസിയേഷന്റെയും നേതൃത്വത്തിൽ നാട്ടുകാർ തടഞ്ഞു. ഇപ്പിൻകര പാലത്തിന് സമീപത്തെ സ്വകാര്യ ഭൂമിയോട് ചേർന്ന മതിൽ നിർമ്മാണമാണ് തടഞ്ഞത്. തടഞ്ഞ സ്ഥലത്ത് സി.പി.ഐ പ്രവർത്തകർ പതാക നാട്ടി. കരവാളൂർ പഞ്ചായത്തിലെ കുഞ്ചാണ്ടിമുക്ക്, പുത്തൂത്തടം, മണലിൽ റോഡ് നവീകരണത്തിന് ഭൂമി വിട്ടു നൽകാൻ മതിൽ കെട്ടാൻ ശ്രമിച്ച ഭൂ ഉടമ തയ്യാറായിരുന്നില്ല. മറ്റ് ഭൂ ഉടമകൾ റോഡിന് വീതി കൂട്ടാൻ ഭൂമി വിട്ടു നൽകിയിരുന്നു.റോഡിന് കിഫ് ബിയിൽ നിന്നും അനുവദിച്ച 6 കോടി രൂപ ചെലവഴിച്ചുള്ള നവീകരണ ജോലികൾ അന്തിമഘട്ടത്തിലായി. ഇതിനിടെയാണ് റോഡിലേക്ക് ഇറക്കി മതിൽ കെട്ടാൻ ഉടമശ്രമം നടത്തിയത്.സി. പി .ഐ ലോക്കൽ കമ്മിറ്റി സെക്രട്ടറി പ്രസാദ് ഗോപി ,എ .ഐ .വൈ. എഫ് വില്ലേജ് കമ്മിറ്റി സെക്രട്ടറി രാജി ലാൽ, പാർട്ടി ബ്രാഞ്ച് സെക്രട്ടറിമാരായ അജിത്ത്, സുജിത്ത്, റസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് കെ. എ .നെബു ,​ സെക്രട്ടറി വെഞ്ചേഞ്ച് സുരേന്ദ്രൻ, വിഷ്ണു .ശ്രീധരൻപിള്ള തുടങ്ങിയവരുടെ നേതൃത്വത്തിലാണ് തടഞ്ഞത്.