കരുനാഗപ്പള്ളി: ആലപ്പാട്ട് ഗ്രാമപഞ്ചായത്തിൽ കൊവിഡിന്റെ സാമൂഹ്യ വ്യാപനം നിയന്ത്രണ വിധേയമായി. കഴിഞ്ഞ മൂന്ന് ദിവസമായി ഇവിടെ പുതിയ രോഗികളെ സ്രവ പരിശോധനയിൽ കണ്ടെത്താനായില്ല. ആലപ്പാട്ട് ഗ്രാമപഞ്ചായത്തിന്റെയും പൊലീസിന്റെയും, ആരോഗ്യ. വകുപ്പ് ഉദ്യോഗസ്ഥരുടേയും പഴുതടച്ചുള്ള പ്രവർത്തനമാണ് രോഗത്തിന്റെ വ്യാപനം തടയാനായത്. കരുനാഗപ്പള്ളി അസംബ്ളി മണ്ഡലത്തിൽ ഏറ്റവും കൂടുതൽ കൊവിഡ് രോഗികൾ ഉണ്ടായിരുന്നത് ആലപ്പാട്ടാണ്. ഇവിടെ നിന്നാണ് പല സ്ഥലങ്ങളിലേക്കും രോഗം പടർന്നത്. രോഗം നിയന്ത്രാണാധീതമായതോടെ ആലപ്പാട്ട് ഗ്രാമപഞ്ചായത്തിനെ പുറം ലോകവുമായുള്ള എല്ലാ ബന്ധങ്ങളും വിഛേദിച്ചു. പണിക്കർകടവ്, കല്ലുംമൂട്ടിൽകടവ് ആയിരം തെങ്ങ് പാലങ്ങൾ എല്ലാം താത്ക്കലികമായി അടച്ചു. പെള്ളനാതുരുത്തിൽ സ്രവ പരിശോധന കേന്ദ്രം അടിയന്തരമായി പ്രവർത്തനം ആരംഭിച്ചു. രോഗം വ്യാപനം നടന്ന തുറകളിലെ ജനങ്ങളെ പൂർണമായും പരിശോധനക്ക് വിധേയമാക്കി. തുടർന്ന് കർക്കശ നിയന്ത്രണങ്ങളും ഏർപ്പെടുത്തി. നാട്ടുകാർക്ക് ഏറെ ബുദ്ധിമുട്ടുകൾ ഉണ്ടായെങ്കിലും നിയന്ത്രണത്തിൽ അയവ് വരുത്താൻ ബന്ധപ്പെട്ടവർ തയ്യാറായില്ല. ഇതോടെ രോഗത്തിന്റെ സാമൂഹ്യ വ്യാപനത്തിൽ കുറവ് കണ്ടു തുടങ്ങി. ഇന്നലത്തെ പരിശോധനയിൽ കരുനാഗപ്പള്ളി, കുലശേഖരപുരം, തൊടിയൂർ, തഴവാ, ആലപ്പാട്ട് എന്നിവിടങ്ങളിൽ പുതിയ രോഗികളെ കണ്ടെത്താനായില്ല.