പുനലൂർ: കൊവിഡ് ഫസ്റ്റ് ലൈൻ ചികിത്സകൾക്കായി പുനലൂർ താലൂക്കിൽ അഞ്ച് കേന്ദ്രങ്ങൾ സജ്ഞമാക്കി.പുനലൂർ നഗരസഭക്ക് പുറമെ, അഞ്ചൽ, കുളത്തൂപ്പുഴ, അലയമൺ, ഇടമുളയ്ക്കൽ പഞ്ചായത്തുകളിലുമാണ് ചികിത്സാ കേന്ദ്രങ്ങൾ ആരംഭിച്ചത്.തെന്മല, ആര്യങ്കാവ് പഞ്ചായത്തുകളിലെ ചികിത്സാ കേന്ദ്രങ്ങൾ ഉടൻ ആരംഭിക്കും. ഓരോ കേന്ദ്രങ്ങളിലും 4 ഡോക്ടർമാർ അടക്കം 14 ജീവനക്കാർ 24മണിക്കൂറും ഡ്യൂട്ടിയിൽ ഉണ്ടാകും. രണ്ട് ദിവസത്തിനുളളിൽ ചികിത്സ കേന്ദ്രങ്ങളുടെ പ്രവർത്തനങ്ങൾ ആരംഭിക്കും.പുനലൂർ താലൂക്കിൽ 1200 കിടക്കകളോട് കൂടിയ ഫസ്റ്റ് ലൈൻ ചികിത്സ കേന്ദ്രങ്ങളുടെ പ്രവർത്തനങ്ങളാണ് ആരംഭിക്കാൻ പോകുന്നതെന്ന് മന്ത്രി കെ.രാജു പറഞ്ഞു.പുനലൂർ നഗരസഭയിലെ കുതിരച്ചിറ കെ..ജി.ഓഡിറ്റോറിയത്തിൽ ആരംഭിച്ച ചികിത്സ കേന്ദ്രത്തിന്റെ ഉദ്ഘാടനം മന്ത്രി കെ.രാജു നിർവഹിച്ചു. നഗരസഭ ചെയർമാൻ കെ.എ.ലത്തീഫ് അദ്ധ്യക്ഷത വഹിച്ചു. പുനലൂർ ആർ.ഡി.ഒ.ബി.ശശികുമാർ, തഹസീൽദാർ ബിനുരാജ്, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.ആർ.ഷാഹിർഷ,മുൻ നഗരസഭ ചെയർമാൻമാരായ കെ.രാജശേഖരൻ, എം.എ.രാജഗോപാൽ, എ.ജി.സെബാസ്റ്റ്യൻ, സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ സുഭാഷ്.ജി.നാഥ്, ബി.സുജാത, വി.ഓമനക്കുട്ടൻ, കൗൺസിലറുമാരായ കെ.പ്രഭ, ഇന്ദുലേഖ, സിന്ധു ഗോപാകുമാർ, നഗരസഭ സെക്രട്ടറി ജി.രേണുകാദേവി, സി.പി.എം.ഏരിയ സെക്രട്ടറി എസ്.ബിജു, സി..പി.ഐ മണ്ഡലം സെക്രട്ടറി സി.അജയപ്രസാദ്, ഹെൽത്ത് ഇൻസ്പെക്ടറൻമാരായ അജി, അയ്യപ്പൻ, അരവിന്ദ് തുടങ്ങിയവർ പങ്കെടുത്തു.