pipe

 ജലവിതരണം പുനസ്ഥാപിക്കുന്ന പണികൾ തുടരുന്നു

കൊല്ലം: മൺറോത്തുരുത്തിലെ നെന്മനി തെക്ക് വാർഡിലെ നീണ്ടകരക്കാട് ഭാഗത്തെ ജല അതോറിറ്റിയുടെ പൈപ്പ്ലൈനിൽ രണ്ട് മാസത്തിന് ശേഷം ഇന്നലെ കുടിവെള്ളമെത്തി. വിതരണ പൈപ്പിലെ ചോർച്ച കണ്ടെത്തി പരിഹരിച്ചതോടെയാണ് കുടിവെള്ള പ്രശ്നം ഒഴിവായത്. ബാക്കിയുള്ള സ്ഥലങ്ങളിലെ തടസം കണ്ടെത്താനുള്ള ശ്രമം പുരോഗമിക്കുകയാണ്.

നെന്മേനി, കണ്ട്രാംകാണി പ്രദേശങ്ങളിലെ നൂറോളം വീടുകളിലേക്കുള്ള പൈപ്പ്ലൈനിൽ ഇനിയും കുടിവെള്ളം എത്താനുണ്ട്. തടസത്തിന്റെ കാരണം കണ്ടെത്താൻ ജല അതോറിറ്റിയുടെ നേതൃത്വത്തിൽ വിവിധ ഭാഗങ്ങളിൽ മണ്ണ് തോണ്ടി പൈപ്പ് ലൈൻ മുറിച്ച് പരിശോധിക്കുകയാണ്. പൈപ്പ്ലൈൻ കടന്നുപോയ സ്ഥലങ്ങളിൽ വലിയ ഉയരത്തിൽ മണ്ണിട്ട് നികത്തിയതിനാൽ ഏറെ ആഴത്തിൽ കുഴിക്കേണ്ട അവസ്ഥയാണ്.

ജല അതോറിറ്റിയുടെ കുടിവെള്ള വിതരണം മുടങ്ങിയതോടെ ഈ ഭാഗത്തെ കുടുംബങ്ങൾ വൻവില കൊടുത്താണ് വെള്ളം വാങ്ങുന്നത്. ചിലർ കിലോ മീറ്ററുകളോളം നടന്ന് തലച്ചുമടായാണ് വെള്ളം കൊണ്ടുവരുന്നത്.