ശാസ്താംകോട്ട: ക്രിട്ടിക്കൽ കണ്ടെയ്ൻമെന്റ് സോണാക്കി കർശന നിയന്ത്രണങ്ങൾ തുടരുമ്പോഴും കുന്നത്തൂർ താലൂക്കിന്റെ വിവിധ മേഖലകളിലും കൊവിഡ് പോസിറ്റീവ് കേസുകൾ റിപ്പോർട്ടു ചെയ്യുന്നത് ജനങ്ങളെ ഭീതിയിലാക്കുന്നു. സമ്പർക്കത്തിലൂടെയുള്ള രോഗവ്യാപനം ഒരു ഇടവേളയ്ക്ക് ശേഷം പിന്നെയും റിപ്പോർട്ട് ചെയ്യുന്നതാണ് കൂടുതൽ ആശങ്കയിലാക്കുന്നത്. ശാസ്താംകോട്ട പഞ്ചായത്തിൽ വീണ്ടും സമ്പർക്കത്തിലൂടെ ചെറുപ്പക്കാരായ മൂന്നു പേർക്ക് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചതോടെ ആരോഗ്യ പ്രവർത്തകർ പ്രതിസന്ധിയിലായി. സാമൂഹിക വ്യാപനം തടയുന്നതിന് പൊലീസും ആരോഗ്യ പ്രവർത്തകരും കർശന നിയന്ത്രണങ്ങളാണ് താലൂക്കിന്റെ വിവിധ മേഖലകളിൽ ഏർപ്പെടുത്തിയിട്ടുള്ളത്. ജൂലായ് 6 മുതൽ ശാസ്താംകോട്ട ,പടിഞ്ഞാറെ കല്ലs, മൈനാഗപ്പള്ളി പഞ്ചായത്തുകൾ പൂർണമായും പിന്നീട് ശൂരനാട് തെക്ക്, ശൂരനാട് വടക്ക് പഞ്ചായത്തുകളും ക്രിട്ടിക്കൽ കണ്ടെയ്ൻമെന്റ് സോണാക്കി നിയന്ത്രണങ്ങൾ തുടരുകയാണ്. ഇട റോഡുകൾ അടച്ചും പ്രധാന റോഡുകളിൽ പൊലീസ് പിക്കറ്റുകൾ സ്ഥാപിച്ച് പരിശോധന കർശനമാക്കിയതോടെ കൂലി പണിക്കാരായവർക്ക് പണിക്ക് പോകാൻ കഴിയാത്ത സ്ഥിതിയാണ്. രോഗവ്യാപനമില്ലാത്ത പഞ്ചായത്തുകളിലെ മുഴുവൻ വാർഡുകളും അടച്ചതോടെ പലരുടെയും ഉപജീവനമാർഗങ്ങൾ മുടങ്ങി . പലകുടുംബങ്ങളും പട്ടിണിയുടെ പടിവാതിൽക്കലാണ്. രോഗവ്യാപനമില്ലാത്ത വാർഡുകളിലുള്ളവർക്ക് ജോലിക്ക് പോകുന്നതിനുള്ള സാഹചര്യമുണ്ടാക്കണമെന്ന ആവശ്യം ശക്തമാവുകയാണ്.