bus

കോർപറേഷനിലെ 12 ഡിവിഷനുകളും ചില നഗരസഭാപ്രദേശങ്ങളിലും കണ്ടെയ്ൻമെൻ്റ് സോൺ, തൊട്ടുപിന്നാലെ നിരോധനാജ്ഞ, കോർപറേഷനിൽ എട്ട് പേർക്ക് രോഗസ്ഥിരീകരണം...ഇങ്ങനെ തൃശൂരുകാർ നട്ടംതിരിയുമ്പോഴാണ് ഉറവിടം അറിയാത്തവയും സമ്പർക്കം വഴിയുളളതും എങ്ങനെ സംഭവിക്കുന്നുവെന്ന് ആലോചിച്ച് ആരോഗ്യവകുപ്പ് തലപുകയ്ക്കുന്നത്. കൊവിഡ് ബാധിച്ച് മരിച്ച ഏങ്ങണ്ടിയൂർ സ്വദേശിയുടെ രോഗബാധയുടെ ഉറവിടം തേടി മടുത്തിരിക്കുകയായിരുന്നു ഉദ്യോഗസ്ഥർ. ഒൗദ്യോഗികമായി ആ ഒരു കേസ് മാത്രമേ ഉറവിടം അറിയാത്തതായി ഒൗദ്യോഗികമായി സ്ഥിരീകരിക്കുന്നുളളൂവെങ്കിലും സത്യം അതല്ലെന്നാണ് പ്രതിപക്ഷത്തിലെ നേതാക്കൾ പറയുന്നത്. കുരിയച്ചിറ വെയർഹൗസിലെ ജീവനക്കാരിലും കോർപറേഷൻ ശുചീകരണതൊഴിലാളികളിലും രോഗം വന്നതോടെയാണ് ആരോഗ്യവകുപ്പ് ഞെട്ടിയത്.

ആരോഗ്യ വിഭാഗത്തിലെ ഒരു ജീവനക്കാരിക്കു കൂടി സമ്പർക്കത്തിലൂടെ കൊവിഡ് ബാധിച്ചതോടെ കോർപറേഷൻ ഓഫീസിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 8 ആയിരുന്നു.

തലപുകച്ച് പൊലീസ്

ആരോഗ്യവകുപ്പിനൊപ്പം തല പുകയ്ക്കുന്ന മറ്റൊരു വിഭാഗമാണ് പൊലീസ്. പാലക്കാട്ട് കൊവിഡ് സ്ഥിരീകരിച്ച പല്ലശ്ശന കൂടല്ലൂർ സ്വദേശിയായ സിവിൽ പൊലീസ് ഓഫീസർ തൃശൂരിൽ നിരവധി സ്ഥലങ്ങളിൽ പാേയതിനാൽ പൊലീസ് സേനയ്ക്ക് നെഞ്ചിടിപ്പ് മാറിയിട്ടില്ല. പൊലീസുകാരന് രോഗം എവിടെ നിന്ന് കിട്ടിയെന്നതിനും സ്ഥിരീകരണമില്ല.

ക്വാറന്റൈൻ ജയിലിൽ നിന്ന് റിമാൻഡ് പ്രതികളെ സബ് ജയിലിലേക്കു മാറ്റാൻ എസ്കോ‍ർട്ട് പോയതിനിടയിലാണ് ഇദ്ദേഹത്തിന് രോഗം ബാധിച്ചതെന്നാണ് കരുതുന്നത്. ജോലിയുടെ ഭാഗമായി കുന്നംകുളം, എരുമപ്പെട്ടി സ്റ്റേഷനുകളിലും വീട്ടിലും കോയമ്പത്തൂരിലെ ബന്ധു വീട്ടിലും ഗാർഡ് ആയി തൃശൂർ ഡി.ഐ.ജി ഓഫീസിലും എ.ആർ ക്യാമ്പിലും ലാലൂർ ക്വാറന്റൈൻ ജയിലിലുമെല്ലാം പൊലീസുകാരൻ പോയിട്ടുണ്ട്. കൊവിഡ് സ്ഥിരീകരിച്ച, കാട്ടൂർ പൊലീസ് പിടികൂടിയ പ്രതി ലാലൂരിലാണ്. കഴിഞ്ഞ 11 നാണ് രോഗം സ്ഥിരീകരിച്ചത്. മേയ് എട്ടിനാണ് സർക്കാർ ഉദ്യോഗസ്ഥനെ മർദ്ദിച്ച കേസിൽ പ്രതിയെ അറസ്റ്റ് ചെയ്തത്. റിമാൻഡ് ചെയ്തതിനെ തുടർന്ന് കൊവിഡ് പരിശോധന നടത്തിയപ്പോഴാണ് ഫലം പൊസിറ്റീവായത്. അവിടെ സുരക്ഷാ ചുമതലയ്ക്കായി പൊലീസുകാരെ റൊട്ടേഷൻ അടിസ്ഥാനത്തിൽ നിയോഗിക്കുകയായിരുന്നു. പാലക്കാട് മുട്ടിക്കുളങ്ങര കെ.എ.പി രണ്ട് ബറ്റാലിയൻ സേനാംഗമായ പൊലീസുകാരൻ നിലവിൽ തൃശൂർ എ.ആർ ക്യാമ്പിലാണ്. ജയിലിലേക്ക് കൊണ്ടുപോകേണ്ടവരെ ക്വാറന്റൈൻ ജയിലിൽ പാർപ്പിച്ച് സ്രവപരിശോധനയിൽ നെഗറ്റീവ് ആയവരെ മാത്രമാണ് ജയിലിൽ പ്രവേശിപ്പിക്കുന്നത്. ഇത്തരത്തിൽ നെഗറ്റീവ് ആയ മൂന്ന് പ്രതികളെ ജയിലിലേക്കു കൊണ്ടുപോകാൻ കൊവിഡ് ബാധിച്ച പൊലീസ് ഓഫിസർ എത്തിയിരുന്നു.

കാക്കിനിറമുളള പരാതികൾ

അവധിയില്ലാതെ രാവും പകലും ജോലി ചെയ്യേണ്ടതിനാൽ പൊലീസുകാർക്ക് മാനസികസമ്മർദ്ദം, പ്രതികളെ പിടികൂടാനും കേസ് അന്വേഷണത്തിനും പി.പി.ഇ കിറ്റോ ഗ്ളൗസോ ലഭ്യമാക്കുന്നില്ല, ക്വാറന്റൈൻ കേന്ദ്രങ്ങളിൽ മാറി മാറി ജോലി ചെയ്യുന്ന പൊലീസുകാർക്ക് പരിശോധനയില്ല തുടങ്ങിയ നിരവധി പരാതികളാണ് പൊലീസുകാർക്കുളളത്. മഹാമാരി പ്രതിരോധിക്കുന്നതിനിടെ ടെലിവിഷൻ ഇല്ലാത്ത വിദ്യാർത്ഥികളുടെ വീടുകളിൽ ചെന്ന് കണക്കെടുക്കാനുളള നിർദ്ദേശം പോലുമുണ്ടായി എന്നാണ് അവരുടെ പരിദേവനം. പരിശീലനങ്ങളും മുടങ്ങി. പല്ലുപോയ പുലിയായാൽ എന്തുകാര്യം എന്നാണ് അവർ ചോദിക്കുന്നത്.

വെളളിവര തെളിയുമോ?

അതിവേഗ റെയിലിന് (സിൽവർ ലൈൻ) മന്ത്രിസഭ അംഗീകാരം നൽകിയെങ്കിലും തൃശൂർ അടക്കമുളള കാർഷികമേഖലകളിൽ പദ്ധതി നിലം തൊടാൻ കടമ്പകളേറെയുണ്ട്. ജില്ലയിൽ അന്നമനടയ്ക്ക് സമീപം കുമ്പിടി മുതൽ കുന്നംകുളം വരെയുളള കോൾനിലങ്ങളും തണ്ണീർത്തടങ്ങളും പാടശേഖരങ്ങളും മറികടന്നു വേണം പാത ഒരുക്കാൻ. വീടുകളും കെട്ടിടങ്ങളും ഒഴിവാക്കാൻ വേണ്ടിയാണിതെങ്കിലും കാർഷിക, പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് ഇടയാക്കുമെന്ന ആശങ്ക പ്രതിഷേധത്തിന് വഴിതെളിച്ചേക്കും. ചിലയിടങ്ങളിൽ ഒറ്റപ്പെട്ട പ്രതിഷേധവും ഉയർന്നുകഴിഞ്ഞു. രണ്ട് പ്രളയങ്ങളും ജില്ലയിൽ കനത്ത ആഘാതമുണ്ടാക്കിയതിനാൽ മണ്ണിനും പാരിസ്ഥിതിക സന്തുലനത്തിനും സംഭവിച്ചേക്കാവുന്ന തിരിച്ചടികളും പഠനവിധേയമാക്കേണ്ടി വരും. നഗരങ്ങളോട് ചേർന്ന് മാത്രമാണ് ആകാശപ്പാത ഉണ്ടാവുക. ചിലയിടങ്ങളിൽ ഭൂഗർഭ വഴികളുമുണ്ടാകും. നിലവിലുളള റെയിൽവേ ലൈനിനോട് ചേർന്ന് ജില്ലയിൽ കുറച്ച് സ്ഥലങ്ങളിൽ മാത്രമാണ് പാതയുണ്ടാവുക. കൊമ്പൊടിഞ്ഞാമാക്കൽ വഴി കല്ലേറ്റുംകര എത്തുമ്പോൾ വീണ്ടും റെയിൽവേ പാതയോട് അടുക്കും. പിന്നീട്, സിൽവർലൈൻ തൃശൂരിലെത്തുന്നത് ഊരകം വഴിയാണ്. തൃശൂർ റെയിൽവേ സ്റ്റേഷനോടു ചേർന്നാകും സ്റ്റോപ്പ്. വടൂക്കര കഴിഞ്ഞാൽ റെയിൽവേ ലൈൻ ആകാശപ്പാതയാക്കും. നഗരം പിന്നിട്ട് പൂങ്കുന്നം കഴിഞ്ഞാൽ ഭൂമിയിലേക്കിറങ്ങും. പുതിയ സ്റ്റേഷനിൽ നിന്ന് നിലവിലെ സ്റ്റേഷനിലേക്ക് ഇറങ്ങാൻ ലിഫ്റ്റ്, എസ്കലേറ്റർ സംവിധാനങ്ങളുമുണ്ടാകും. പൂങ്കുന്നം കഴിഞ്ഞാൽ നിലവിലെ റെയിൽവേ പാത വടക്കാഞ്ചേരി വഴി ഷൊർണൂരിലേക്കാണെങ്കിൽ, സിൽവർലൈൻ വിയ്യൂർ വഴി കുന്നംകുളം, ചങ്ങരംകുളം, എടപ്പാൾ ദിശയിലേക്കാണ് നീങ്ങുക. തിരൂരിലെത്തുമ്പോൾ മാത്രമാണ് റെയിൽവേ പാതയോട് ചേരുന്നത്. എറണാകുളത്തിനും തിര‍ൂരിനുമിടയിൽ തൃശൂരിലാണ് ഏക സ്റ്റേഷൻ. പാരിസ്ഥിതിക ആഘാതങ്ങളെ കണക്കിലെടുത്ത് സിൽവർ ലൈൻ പൂർത്തീകരിച്ചാൽ അത് കേരളത്തിന്റെ വികസനക്കുതിപ്പാകുമെന്ന് തർക്കമില്ല.