മാള: ജയ് ജവാൻ, ജയ് കിസാൻ... രാജ്യത്തിന്റെ കാവലാളായിരുന്ന ജോസ് ഹൃദയത്തോട് ചേർത്തുവച്ച മുദ്രാവാക്യം. അന്ന് രാജ്യത്തിന്റെ കാവൽക്കാരനായിരുന്ന ജോസ് ഇപ്പോൾ ഭക്ഷ്യ സുരക്ഷയുടെ കാവലാളാണ്. മാളയ്ക്കടുത്ത് പൂപ്പത്തി സ്വദേശി ചക്കാലക്കൽ ജോസ് 13 വർഷത്തിലധികം പാക്കിസ്ഥാൻ, ബംഗ്‌ളാദേശ് അതിർത്തിയിൽ ബി.എസ്.എഫ് ജവാനായിരുന്നു. ഇപ്പോൾ വാണിജ്യ നികുതി വകുപ്പിൽ അസിസ്റ്റന്റ് ടാക്‌സ് ഓഫീസറായി ഇന്റലിജൻസ് വിഭാഗത്തിൽ ജോലി ചെയ്യുന്നു.
ജോലിക്കിടയിലെ ഇടവേളകളിൽ ഒന്നര ഏക്കർ സ്ഥലത്ത് വാഴക്കൃഷി ചെയ്യുന്നു. പാരമ്പര്യമായി കർഷക കുടുംബത്തിലെ അംഗമായ ജോസ് ഒഴിവുസമയങ്ങളിൽ പൂർണമായി കൃഷിയിടത്തിലാണ്. പലപ്പോഴായി കൃഷി ചെയ്ത രണ്ടായിരത്തോളം വാഴകളാണുള്ളത്. ഒരുമിച്ചു കൃഷി ചെയ്യാത്തതിനാൽ എപ്പോഴും വിളവെടുക്കാവുന്ന നിലയിലാണ് വാഴകൾ. റോബസ്റ്റ, പൂവൻ എന്നിവയാണ് കൃഷിയിറക്കിയിട്ടുള്ളത്.
ഒരാളെ പോലും സഹായത്തിന് കൂട്ടാതെ രാവിലെ ജോലിക്ക് പോകുന്നതിന് മുൻപും ഒഴിവു ദിനങ്ങളും പ്രയോജനപ്പെടുത്തിയാണ് കൃഷി പരിപാലനം. കൃഷിയിലൂടെ ലഭിക്കുന്ന സന്തോഷവും ആരോഗ്യവുമാണ് പ്രധാനമെന്നാണ് ജോസിന്റെ പക്ഷം. 2005 മുതൽ തുടങ്ങിയതാണ് കൃഷിയെന്ന ശീലം. 1992 മുതൽ 2005 ൽ ബി.എസ്.എഫിൽ നിന്ന് പിരിഞ്ഞുവരുന്നതുവരെയുള്ള കാലയളവിൽ ആറ് വർഷം തീവ്രവാദ വിരുദ്ധ ഓപറേഷൻ ടീമിൽ അംഗമായിരുന്നു. കാശ്മീർ, മണിപ്പൂർ, ആസാം എന്നിവിടങ്ങളിലായിരുന്നു തീവ്രവാദ വിരുദ്ധ ഓപറേഷൻ ടീമിൽ പ്രവർത്തിച്ചത്. ബംഗ്‌ളാദേശ് അതിർത്തിയിലും രാജ്യത്തിന്റെ കാവൽക്കാരനായിരുന്നു. 2005ൽ വാണിജ്യ നികുതി വകുപ്പിൽ ക്‌ളർക്കായി ജോലി ലഭിച്ചപ്പോഴാണ് രാജ്യത്തിന്റെ അതിർത്തിയിൽ നിന്ന് നാട്ടിലേക്ക് തിരിച്ചത്. ഭാര്യ ജെസി ഇൻഫോപാർക്കിൽ ജോലി ചെയ്യുന്നു. ഏകമകൻ ആൻ ജസ്വിൻ ആറാം ക്ലാസ് വിദ്യാർത്ഥിയാണ്.
......................
കൂലിക്ക് ആളെ നിറുത്തിയാൽ ഈ സന്തോഷം കിട്ടില്ല. വലിയ കൂലി കൊടുത്ത് ചെയ്താൽ സാമ്പത്തികമായി മാത്രമല്ല ആരോഗ്യപരമായും നഷ്ടമാണ്. എല്ലാ ദിവസവും കൃഷി ചെയ്യുകയും ഒരു ഭാഗത്ത് വിളവെടുക്കുകയും ചെയ്യും.
- സി.ടി. ജോസ്.