തൃശൂർ: സംസ്ഥാനത്തെ ഏറ്റവും മികച്ച പൊലീസ് സ്റ്റേഷനായി കേന്ദ്ര ആഭ്യന്തര വകുപ്പ് തിരഞ്ഞെടുത്ത ഒല്ലൂർ സ്റ്റേഷൻ കേരള പൊലീസിന്റെ ജനസേവന മികവിന്റെ മുഖമായി.
നിയമത്തിന്റെയും നീതിയുടെയും പക്ഷത്ത് നിന്ന് ക്രമസമാധാനം മുതൽ സ്ത്രീകളുടെ സ്വയം പ്രതിരോധ പരിശീലനം വരെ, കൃത്യവും നിഷ്പക്ഷവുമായ സമീപനം. ഗുണ്ടാവിരുദ്ധ നടപടികൾ, മയക്ക് മരുന്ന് കേസുകൾ, ദുർബല വിഭാഗങ്ങൾക്കെതിരായ അതിക്രമം തടയൽ, പൊലീസ് സ്റ്റേഷനിലെ സൗകര്യങ്ങൾ, പരാതിക്കാരോടുള്ള ഇടപെടലുകൾ തുടങ്ങിയ കുറ്റമറ്റ പ്രവർത്തനങ്ങളാണ് സംസ്ഥാനത്തെ 447 പൊലീസ് സ്റ്റേഷനുകളിൽ ഒല്ലൂരിനെ ഒന്നാമതാക്കിയത്.
മികവുകൾ
*ഗുണ്ടാസംഘങ്ങളുടെ തമ്മിൽത്തല്ലിന് പേരുകേട്ട ഒല്ലൂരിനെ അതിൽ നിന്ന് മോചിപ്പിച്ചു. പത്തോളം കുപ്രസിദ്ധ ഗുണ്ടകൾ ഗുണ്ടാ ആക്ടിലൂടെ അകത്ത്.
* യാക്കോബായ -ഓർത്തഡോക്സ് വിഷയത്തിൽ ക്രമസമാധാന പ്രശ്‌നമുണ്ടാകാതെ സുപ്രീം കോടതി വിധി നടപ്പിലാക്കി
*പട്ടയ സമരവും നന്നായി കൈകാര്യം ചെയ്തു.
* സ്റ്റേഷൻ പരിധിയിലെ മൂന്ന് ട്രൈബൽ കോളനികളിലും രണ്ട് വെള്ളച്ചാട്ടങ്ങളുള്ള ടൂറിസം മേഖലയിലും കൃത്യമായ ഇടപെടൽ
*രണ്ട് വെള്ളപ്പൊക്ക സമയത്തും ജീവഹാനിയുണ്ടാക്കാത്ത സേവനം.
*കൊവിഡ് കാലത്ത് അന്യസംസ്ഥാന തൊഴിലാളികളെ പ്രകോപനത്തിനിടവരുത്താതെ സുരക്ഷിത കേന്ദ്രങ്ങളിലേക്കും,നാട്ടിലേക്കും അയച്ചു
തിരഞ്ഞെടുപ്പ്
കാര്യക്ഷമമായ പൊലീസ് സംവിധാനം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി ക്രൈം ആൻഡ് ക്രിമിനൽ ട്രാക്കിംഗ് നെറ്റ് വർക്ക് ആൻഡ് സിസ്റ്റത്തിലൂടെയാണ് തിരഞ്ഞെടുപ്പ്. രാജ്യത്തെ 15000 ലധികം പൊലീസ് സ്റ്റേഷനുകളുടെ പ്രവർത്തനങ്ങൾ ഓൺലൈൻ ട്രാക്കിംഗിലൂടെയും നേരിട്ടും വിലയിരുത്തും. മുംബയ് ഭീകരാക്രമണത്തിന് ശേഷം 2008ലാണ് ഇത് നടപ്പിലാക്കിയത്. പൊലീസ് സേനാംഗങ്ങളിലും പൊതുജനങ്ങളിലും നിന്ന് വിവരം ശേഖരിക്കും.
' ക്രമസമാധാന പാലനവും ജനങ്ങളുടെ സുരക്ഷിതത്വവും ഉൾപ്പെടെ നിയമത്തിന്റെ പക്ഷത്തു നിന്നാണ് ഒല്ലൂർ പൊലീസ് സ്റ്റേഷന്റെ പ്രവർത്തനം. സമൂഹവും ഞങ്ങളെ പിന്തുണയ്ക്കുന്നു'.
- ബെന്നി ജേക്കബ്,
ഒല്ലൂർ സ്റ്റേഷൻ ഹൗസ് ഓഫീസർ