തൃശൂർ: മാനസികാസ്വാസ്ഥ്യമുള്ള 17 വയസുകാരിയെ തട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്തിയ സംഭവത്തിൽ പ്രതികളെ പിടികൂടാനായില്ല. ഗുരുതരാവസ്ഥയിലായിരുന്ന പെൺകുട്ടി സുഖം പ്രാപിച്ചുവരികയാണ്. കഴിഞ്ഞ 19നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പാലയൂരിലുള്ള ഒരു അനാഥലയത്തിൽ നിന്ന് പുറത്തുകടന്ന പെൺകുട്ടിയെ ചാവക്കാട് ബസ് സ്റ്റാൻഡിൽ വച്ച് രണ്ടംഗ സംഘം ബൈക്കിൽ കയറ്റിക്കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പരാതി.
ചൈൽഡ് വെൽഫയർ കമ്മിറ്റിയാണ് പരാതി നൽകിയിരിക്കുന്നത്. സംഭവത്തിൽ ചാവക്കാട് പൊലീസ് കേസെടുത്തെങ്കിലും ഇതുവരെയും പ്രതികളെ പിടികൂടാനായിട്ടില്ല. ഒറ്റയ്ക്ക് നിൽക്കുകയായിരുന്ന പെൺകുട്ടിയോട് രാമവർമ്മപുരത്തുള്ള വിമൻസ് ചിൽഡ്രൻസ് ഹോമിലേക്ക് കൊണ്ടുവിടാമെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് ബൈക്കിൽ കയറ്റി കുന്നംകുളത്ത് കൊണ്ടുപോയി പീഡിപ്പിച്ച ശേഷം രാമവർമ്മപുരത്ത് ചിൽഡ്രസ് ഹോമിന് സമീപം ഇറക്കി വിടുകയായിരുന്നു.
തുടർന്ന് പെൺകുട്ടി സ്ഥാപനത്തിന് തൊട്ടടുത്തുള്ള ജീവനക്കാരന്റെ വീടിലെത്തി അഭയം തേടുകയും അവിടെ നിന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ നിയന്ത്രണത്തിലുള്ള ഗാന്ധിഭവൻ കേന്ദ്രത്തിലേക്ക് മാറ്റുകയുമായിരുന്നു. പിന്നീട് പെൺകുട്ടിയുടെ ആരോഗ്യനില മോശമായതോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിനിടെ പെൺകുട്ടി മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുകയും ചെയ്തു.
സംഭവത്തെക്കുറിച്ച് ചാവക്കാട് സി.ഐ ആണ് അന്വേഷണം നടത്തുന്നത്. അമ്മ വനിതാ ജയിലിലാണെന്നും അച്ഛൻ ഇടുക്കിയിലാണെന്നും കുട്ടി പറയുന്നുണ്ട്. ഇത് സംബന്ധിച്ച് അന്വേഷണം നടന്നു വരികയാണ്. സംഭവത്തിൽ ഇത്ര ദിവസമായിട്ടും പ്രതികളെ പിടികൂടാൻ സാധിക്കാത്തതിൽ പ്രതിഷേധം ശക്തമാകുന്നുണ്ട്.
സംഭവത്തെക്കുറിച്ച് ഊർജ്ജിത അന്വേഷണം നടക്കുന്നുണ്ട്. പ്രതികളെ ഉടൻ പിടികൂടാനുള്ള ശ്രമത്തിലാണ് പൊലീസ്
- അനിൽ ടി. മേപ്പുള്ളി, ചാവക്കാട് സ്റ്റേഷൻ ഹൗസ് ഓഫീസർ
സംഭവം അറിഞ്ഞയുടൻ ചൈൽഡ് വെൽഫയർ കമ്മിറ്റി വേണ്ട നടപടികൾ സ്വീകരിക്കുകയും ആവശ്യമായ ചികിത്സ ലഭ്യമാക്കുകയും ചെയ്തു. നിയമപരമായ കാര്യങ്ങൾക്ക് പൊലീസിൽ ഉടൻ തന്നെ പരാതി നൽകിയിരുന്നു.
- വിശ്വാനാഥൻ, ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാൻ