കയ്പമംഗലം: പൊതു വിദ്യാലയങ്ങളിൽ നടക്കുന്ന ഓൺലൈൻ വിദ്യാഭ്യാസം വിലയിരുത്തുന്നതിനുള്ള ആവശ്യമായ നിർദ്ദേശങ്ങൾ പങ്കുവയ്ക്കുന്നതിനുള്ള ഓൺലൈൻ വെബിനാർ വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. ഒരു കുട്ടിക്ക് പോലും ഓൺലൈൻ വിദ്യാഭ്യാസം ലഭിക്കാത്ത സാഹചര്യം ഉണ്ടാവരുതെന്നും മന്ത്രി യോഗത്തിൽ പറഞ്ഞു. ഇ.ടി ടൈസൺ മാസ്റ്റർ എം.എൽ.എ അദ്ധ്യക്ഷനായി. ഗൂഗിൾ മീറ്റ് യോഗത്തിൽ മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ അബീദലി മുഖ്യാതിഥിയായി.
മണ്ഡലത്തിലെ എല്ലാ പഞ്ചായത്ത് പ്രസിഡന്റുമാരും വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരും പഞ്ചായത്ത് സെക്രട്ടറിമാരും അവരുടെ ഓഫീസിലിരുന്ന് ഓൺലൈൻ ചർച്ചയിൽ പങ്കെടുക്കുകയും, ഓൺലൈൻ വിദ്യാഭ്യാസത്തിന്റെ വിശദവിവരങ്ങൾ റിപ്പോർട്ട് ചെയ്യുകയും ചെയ്തു. ഇരിങ്ങാലക്കുട ഡി.ഇ.ഒ എം.വി. മുരളീധരൻ, കൊടുങ്ങല്ലൂർ എ.ഇ.ഒ പി.വി. ദിനകരൻ വലപ്പാട് എ.ഇ.ഒ. ഇൻ ചാർജ് ജസ്റ്റിൻ തോമസ്, മതിലകം ബി.പി.ഒ ടി.എസ് സജീവൻ തുടങ്ങിയവർ സംസാരിച്ചു.
യോഗത്തിൽ 75 കേന്ദ്രങ്ങളിലായി പ്രധാന അദ്ധ്യാപകർ, പി.ടി.എ, എം.പി.ടി.എ പ്രസിഡന്റുമാർ, എസ്.ആർ.ജി കൺവീനർമാർ , സ്റ്റാഫ് സെക്രട്ടറിമാർ, മാനേജർമാർ അടക്കം 300 പേരാണ് പങ്കെടുത്തത്. സംസ്ഥാനത്ത് ഓൺലൈൻ വെബിനാർ നടത്തിയ ആദ്യത്തെ നിയോജക മണ്ഡലമാണ് കയ്പമംഗലം. സർക്കാർ ഓഫീസുകളുടെയും പൊതുവിദ്യാലയങ്ങളുടെയും പ്രവർത്തനങ്ങൾ കൂടുതൽ ഏകോപിപ്പിക്കുന്നതിന് ഭാവിയിൽ ഇത് സഹായകരമായിത്തീരും. പഞ്ചായത്ത് വിദ്യാഭ്യാസ കമ്മിറ്റിയും, സ്‌കൂൾ സ്റ്റാഫ് മീറ്റിങ്ങുകളും ഓൺലൈനായി സംഘടിപ്പിക്കാൻ യോഗത്തിൽ തീരുമാനിച്ചു.