ഗോഡൗണിൽ കൊവിഡ് ബാധിച്ചത് നാലു ചുമട്ടുതൊഴിലാളികൾക്ക്
തൃശൂർ: കൊവിഡിനെ തുടർന്ന് അടച്ചുപൂട്ടിയ കുരിയച്ചിറ വെയർ ഹൗസിലെ എൻ.എഫ്.എസ്.എ ഗോഡൗണിൽ മാനദണ്ഡങ്ങൾ പാലിക്കാതെ ചരക്ക് നീക്കത്തിന് സമ്മർദ്ദം. കൊവിഡ് സ്ഥിരീകരിച്ച വെയർഹൗസിൽ ആരോഗ്യവകുപ്പ് നൽകിയ മാനദണ്ഡത്തിെന്റ അടിസ്ഥാനത്തിൽ കളക്ടർ നൽകിയ നിർദ്ദേശം കഴിഞ്ഞ ദിവസങ്ങളിൽ പാലിച്ചിരുന്നില്ല.
നാലു ചുമട്ടുതൊഴിലാളികൾക്ക് കൊവിഡ് ബാധിച്ചതിനെ തുടർന്ന് അടച്ച ഗോഡൗൺ തുറക്കുന്നതുമായി ബന്ധപ്പെട്ട യോഗം വെള്ളിയാഴ്ചയാണ് ചേർന്നത്. യോഗ തീരുമാനം അനുസരിച്ച് പ്രത്യേക ശൗച്യാലയങ്ങളും ഗോഡൗണുകൾക്ക് മുന്നിൽ പ്രത്യേക പൈപ്പുകൾ സ്ഥാപിക്കാനും തീരുമാനിച്ചിരുന്നു. കഴിഞ്ഞ രണ്ടു ദിവസങ്ങളായി ഇത്തരം പ്രവർത്തനങ്ങൾ പൂർത്തീകരിക്കാൻ അധികൃതർക്ക് കഴിഞ്ഞിരുന്നില്ല.
എന്നാൽ തിങ്കളാഴ്ച മുതൽ ഇവയൊന്നും പാലിക്കാത്ത ഗോഡൗണിൽ ജോലി ചെയ്യാൻ ജീവനക്കാരോട് ഡിപ്പോ അധികൃതർ സമ്മർദ്ദം ചെലുത്തുന്നുണ്ടത്രെ. അന്യ സംസ്ഥാനങ്ങളിൽ നിന്നുവന്ന ലോറികളിലെ ഡ്രൈവർമാരിൽ നിന്നാണ് ഇവിടെ സമ്പർക്കം വഴി രോഗം പകർന്നതെന്നാണ് കണ്ടെത്തൽ. ഇതിന്റെ അടിസ്ഥാനത്തിലാണ് അടിസ്ഥാന സൗകര്യം ഏർപ്പെടുത്താൻ തീരുമാനിച്ചത്.
ജോലിയിടുത്തില്ലെങ്കിൽ നടപടിയെന്ന് വെല്ലുവിളി
ആരോഗ്യ നിർദ്ദേശങ്ങൾ പാലിക്കാത്തതിനാൽ ജോലി ചെയ്യാനാകില്ലെന്ന് പറഞ്ഞ ജീവനക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥൻ വെല്ലുവിളിച്ചിരുന്നു. ഇതിനെതിരെ പ്രതിഷേധസൂചകമായി ഗോഡൗണിലെ ജീവനക്കാർ തിങ്കളാഴ്ച കൂട്ടഅവധി എടുത്തു. ചൊവ്വാഴ്ച ജീവനക്കാർ ജോലിക്ക് എത്തിയെങ്കിലും അവരെ ഒഴിവാക്കി റേഷൻ കടകളിലേക്ക് അരി കൊണ്ടുപോയി. ജോലി ചെയ്യാൻ വിസമ്മതിച്ച ജീവനക്കാരെ ഭീഷണിപ്പെടുത്തിയാൾക്ക് എൻ.എഫ്.എസ്.എ അധികൃതരിൽ നിന്നും പഴി കേൾക്കേണ്ടിവന്നു. ചൊവ്വാഴ്ച രാത്രി ഏറെ വൈകിയും നിർദ്ദേശിച്ച കാര്യങ്ങൾ ഒരുക്കുന്നതിന് പണി തുടരുകയായിരുന്നു.
റേഷൻ കടകളിലേക്ക് അരിവിതരണം
ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം 40 റേഷൻ കടകളിലേക്ക് ഭക്ഷ്യവസ്തുക്കൾ ഇവിടെ നിന്നും കയറ്റി അയച്ചു. ഇന്നലെ 30 കടകളിലേക്കും അരി ഇവിടെ നിന്ന് വിതരണം ചെയ്തു.