തൃശൂർ: ജില്ലയിൽ ഒന്നാംതരം മുതൽ പത്താംതരം വരെയുള്ള പാഠപുസ്തകങ്ങളുടെ രണ്ടാംഘട്ട വിതരണം ഒരാഴ്ചയ്ക്കുള്ളിൽ പൂർത്തിയാക്കും. വിതരണത്തിന്റെ ആദ്യഘട്ടം പൂർത്തിയാക്കിയിരുന്നു. വെളിയന്നൂർ പാഠപുസ്തക ഡിപ്പോ, ചേറൂർ ഗവ. എൻജിനിയറിങ് കോളേജ് ഓഡിറ്റോറിയം എന്നിവിടങ്ങളിലായി കുടുംബശ്രീ പ്രവർത്തകരുടെ നേതൃത്വത്തിലാണ് പാഠപുസ്തകങ്ങൾ തരംതിരിക്കുന്നത്. പ്രൈമറി ക്ലാസിലെ പുസ്തകങ്ങൾ ജൂൺ ആദ്യവാരം മുതൽ ജില്ലയിൽ ലഭ്യമായിരുന്നു.
ഉപജില്ലകളിലെ പാഠപുസ്തക വിതരണം പുരോഗമിക്കുകയാണ്. 12 ഉപജില്ലകളിലായി 221 സ്‌കൂൾ സൊസൈറ്റികളിലേക്കും പാഠപുസ്തകങ്ങൾ വേഗത്തിൽ വിതരണം ചെയ്യാൻ കെ.ബി.പി.എസിനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. ലോക് ഡൗൺ മൂലം മേയ് അവസാനത്തോടെ മാത്രമാണ് വിതരണത്തിനായി കെ.ബി.പി.എസ് പാഠപുസ്തകങ്ങൾ എത്തിച്ചു തുടങ്ങിയത്. അവധി ദിവസങ്ങൾ കൂടി ഉപയോഗപ്പെടുത്തിയാണ് കെ.ബി.പി.എസ് പുസ്തക വിതരണം നടത്തുന്നത്.

വാഹനങ്ങളുടെ അപര്യാപ്തത ഒഴിവാക്കാൻ സ്‌കൂൾ ബസുകളും വിതരണത്തിനായി ഏർപ്പാടാക്കിയിരുന്നു. സൊസൈറ്റികൾ സോർട്ടിംഗ് സെന്ററിൽ നേരിട്ട് ചെന്നാണ് പാഠപുസ്തകങ്ങൾ സ്വീകരിക്കുന്നത്. സ്‌കൂളിൽ എത്തിക്കുന്ന പാഠപുസ്തകങ്ങൾ ഉടൻ രക്ഷിതാക്കൾക്ക് എത്തിച്ചു നൽകാൻ എല്ലാ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാർക്കും നിർദ്ദേശം നൽകിയതായി വിദ്യാഭ്യാസ ഉപഡയറക്ടർ അറിയിച്ചു.