പുതുക്കാട് (തൃശൂർ) : ലോക് ഡൗണിൽ എഴുന്നള്ളിപ്പും ഉത്സവങ്ങളും ഇല്ലാതായതോടെ പ്രതിസന്ധിയിലായ ആന ഉടമകളെ സഹായിക്കാൻ മൃഗ സംരക്ഷണ വകുപ്പ് മുഖേന വിതരണം ആരംഭിച്ച റേഷന്‍ വസ്തുക്കളുടെ വിതരണം തുടങ്ങി. ആറാനകളുള്ള ഊട്ടോളി ആന തറവാട്ടിലെത്തി ഒരാനയ്ക്ക് 120 കിലോ അരി ഉൾപ്പെടെ 40 ദിവസത്തേക്കുള്ള സാമഗ്രികൾ കൈമാറി. ജില്ലയില്‍ 58 ആനകള്‍ക്ക് ഇത്തരത്തിൽ റേഷൻ നൽകും.
വര്‍ഷത്തില്‍ മൂന്ന് മാസം നീണ്ടു നില്‍ക്കുന്ന ഉത്സവ സീസണില്‍ ലഭിക്കുന്ന വരുമാനം കൊണ്ടാണ് വര്‍ഷം മുഴുവന്‍ ആനകളെ തീറ്റിപ്പോറ്റുകയും, പാപ്പാന്മാർക്ക് ശമ്പളവും ദിനബത്തയും നൽകിയിരുന്നത്. ആനകളുടെയും ഉടമകളുടെയും ബദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടി ഏപ്രിൽ11ന് കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. വരുമാനം ഇല്ലാതായി വലിയ പ്രതിസന്ധിയാണെന്ന് ആന ഉടമ ഊട്ടോളി കൃഷ്ണന്‍കുട്ടി ഇത് സംബന്ധിച്ച വാർത്തയിൽ പ്രതികരിച്ചിരുന്നു. തുടർന്ന് റേഷൻ ഉൾപ്പെടെയുള്ള സൗകര്യം അനുവദിക്കണമെന്ന് എലിഫെന്റ് ഓണേഴ്‌സ് അസോസിയേഷനും, സംസ്ഥാന പ്രസിഡന്റ് അഡ്വ.ജി. കൃഷ്ണ പ്രസാദും സർക്കാരിനോട് ആവശ്യപ്പെട്ടു. സര്‍ക്കാര്‍ സംസ്ഥാന സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍ വഴി മൃഗ സംരക്ഷണ വകുപ്പിന് കൈമാറിയ റേഷന്‍ വസ്തുക്കള്‍ കോടനാട് ആന സംരക്ഷണ കേന്ദ്രത്തിലെത്തിച്ചു. കോടനാട് നിന്നും വനം വകുപ്പ് അധികൃതര്‍ ജില്ല തിരിച്ച് ആന ഉടമകള്‍ക്ക് എത്തിച്ചു നൽകുകയാണ്.
ഊട്ടോളി ആന തറവാട്ടിൽ കരിവീരന്മാർ ആറ്
കുട്ടിയായ ചന്തു മുതൽ തലയെടുപ്പിലും പ്രായത്തിലും മുന്നിലായ ഗജേന്ദ്രൻ വരെ
മാതാ അമൃതാനന്ദമയിയുടെ പരിലാളനകൾ ഏറ്റുവളർന്ന രാമൻ
മഹാദേവൻ
പ്രസാദ്
അനന്തൻ
റേഷൻ 40 ദിവസത്തേക്ക്
അരി 120 കിലോ
ഗോതമ്പ് 160 കിലോ
റാഗി 120 കിലോ
മുതിര 20 കിലോ
ചെറുപയര്‍ 20 കിലോ
ഉപ്പ് 4 കിലോ
മഞ്ഞള്‍പ്പൊടി 4 പാക്കറ്റ്
ശര്‍ക്കര 6 കിലോ