ചേലക്കര: പഴയന്നൂർ ബ്ലോക്ക് റിസോഴ്‌സ് സെന്ററിന്റെ ആഭിമുഖ്യത്തിൽ പ്രത്യേക പരിഗണന അർഹിക്കുന്ന വിദ്യാർത്ഥികൾക്കുള്ള ഓൺലൈൻ പഠന സംവിധാനം ഒരുക്കുന്ന വൈറ്റ്‌ബോർഡ് പദ്ധതി ഉദ്ഘാടനം യു.ആർ.പ്രദീപ് എം.എൽ.എ നിർവഹിച്ചു. സംസ്ഥാനത്തെ 168 ബി.ആർ.സികൾ വിവിധ വിഷയങ്ങളിൽ പഠന സഹായികൾ തയ്യാറാക്കുകയും പ്രത്യേക പരിഗണന അർഹിക്കുന്ന വിദ്യാർത്ഥികളെ പ്രത്യേകം വർഗീകരിച്ച് അവർക്കുള്ള വാട്‌സ്ആപ്പ് ഗ്രൂപ്പുകൾ മുഖേന എത്തിക്കുകയോ, യൂട്യുബ് മുഖാന്തിരമോ എത്തിച്ച് പഠന പദ്ധതി നടപ്പിലാക്കുകയുമാണ് ചെയ്യുന്നത്. കൊവിഡ് 19 സാഹചര്യത്തിൽ ക്ലാസ് റൂം പഠനം നടത്താൻ കഴിയാത്ത അവസ്ഥയിൽ വിദ്യർത്ഥികൾക്കും രക്ഷിതാക്കൾക്കും പഠന പരിപാടി ക്ലാസ് അദ്ധ്യാപകർ നടത്തുകയും പ്രതിവാര വിലയിരുത്തുകൾ നടത്തുകയും ചെയ്യും.
പഴയന്നൂർ ബി.ആർ.സി.യിലെ വൈറ്റ് ബോർഡ് പദ്ധതിയുടെ ഉദ്ഘാന ചടങ്ങിൽ ബ്ലോക്ക് പ്രസിഡന്റ് വി. തങ്കമ്മ അദ്ധ്യക്ഷയായി. വൈസ് പ്രസിഡന്റ് എം.പത്മകുമാർ മുഖ്യപ്രഭാഷണം നടത്തി. ചേലക്കര പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗായത്രി ജയൻ,​ ബി.ആർ.സി കോ ഓർഡിനേറ്റർ വി. ചാന്ദിനി,​ കെ.എം. സഫിയ എന്നിവർ സംസാരിച്ചു.