തൃശൂർ: കേരളത്തിലും ചുവടുറപ്പിക്കുകയാണ് കയ്പില്ലാത്ത പാവയ്ക്ക. ഗൾഫ് നാടുകളിൽ വൻ ഡിമാന്റ്. ദുബായിൽ ഒരു കിലോയ്ക്ക് 15.95 ദിർഹമാണ് വില, ഏകദേശം 320 ഇന്ത്യൻ രൂപ. വിളിപ്പേര് കാട്ടുപാവൽ (യഥാർത്ഥ പേര് ഗൻ്റോല). ഗൾഫിലേക്ക് അയച്ചാൽ നമുക്കും കിട്ടും പണം. ബംഗ്ളാദേശുകാരാണ് ഗൾഫിലെത്തിച്ച് പണം കൊയ്യുന്നത്.
നാഗാലാൻഡ്, അരുണാചൽപ്രദേശ്, ത്രിപുര, അസാം സംസ്ഥാനങ്ങളിലെ കാടുകളിൽ സുലഭമായ ഈ പാവൽ 10 വർഷം മുമ്പാണ് വെള്ളാനിക്കരയിലെ കാർഷിക ഗവേഷണ കേന്ദ്രം കേരളത്തിലേക്ക് കൊണ്ടുവന്നത്. കേരളത്തിലെ മണ്ണും കാലാവസ്ഥയും വളരെ അനുയോജ്യം.
ആലപ്പുഴ, തലയോലപ്പറമ്പ്, തൃപ്പൂണിത്തുറ, കൊടുങ്ങല്ലൂർ, വയനാട് മേഖലയിൽ കൃഷി ചെയ്യാൻ തൈകൾ വിതരണം ചെയ്തിട്ടുണ്ട്. നാട്ടിൽ സുലഭമായി കിട്ടുന്നത് കയ്പുള്ള എരുമപ്പാവൽ എന്ന ഇനമാണ്.
കൃഷി രീതി
സാധാരണ പാവൽ കൃഷിക്ക് സമാനം. വിത്തിൽ നിന്ന് മുളപ്പിച്ച തൈകളാണ് നടേണ്ടത്.
കാടുകളിലുളള പ്രത്യേക ഷഡ്പദം വഴിയാണ് പരാഗണം നടക്കുന്നത്. കേരളത്തിൽ ആ ഷഡ്പദം ഇല്ലാത്തതിനാൽ ആൺപൂവും പെൺപൂവും ചേർത്തുവെച്ച് കർഷകർ പരാഗണം നടത്തിയാൽ കൂടുതൽ വിളവ് ലഭിക്കും.
..................
പ്രയോജനം
# കാത്സ്യം, ഫോസ് ഫറസ്, അയൺ, വൈറ്റമിൻ സാധാരണ പാവക്കയേക്കാൾ കൂടുതൽ
# തീയൽ, തോരൻ, സാമ്പാർ, അവിയൽ, സൂപ്പ്, ജ്യൂസ് എന്നിവയുണ്ടാക്കാം. ഇലയും കറിയാക്കാം.
...............
പ്രമേഹം
പ്രമേഹവും കൊളസ്‌ട്രോളും കുറയ്ക്കുമെന്ന് പറയുന്നുണ്ടെങ്കിലും ശാസ്ത്രീയ തെളിവില്ല
.....കമന്റ്...............
''ആറു വർഷത്തിനിടെ ഒരു തൈയ്ക്ക് 25 രൂപ നിരക്കിൽ 400 ലേറെ പേർക്ക് തൈ നൽകിയിരുന്നു. വിദേശത്ത് ഡിമാൻഡ് കൂടുന്നുണ്ട്. തുടർന്നും വിതരണം ചെയ്യും, ഉടൻ വേണമെന്നുള്ളവർക്ക് മറ്റു കർഷകരിൽ നിന്ന് ലഭ്യമാക്കും. 0487-2370499 എന്ന നമ്പറിൽ ബന്ധപ്പെട്ടാൽ മതി. ''
ഡോ. കെ. ജോസഫ് ജോൺ,
ഓഫീസർ ഇൻചാർജ്, നാഷണൽ ബ്യൂറോ ഒഫ്
പ്ലാന്റ് ജനറ്റിക് റിസോഴ്‌സസ്,
വെള്ളാനിക്കര.
(പതിനായിരത്തിലധികം വിത്തിനങ്ങളെ സംരക്ഷിക്കുകയും പഠനഗവേഷണങ്ങൾ നടത്തുകയും ചെയ്യുന്ന, ഐ.സി.എ.ആറിന് കീഴിലുളള, ദക്ഷിണേന്ത്യയിലെ ഏക കേന്ദ്രമാണിത്)