ഒല്ലൂർ: തൃശൂർ: തൃശൂർ മൃഗശാലയിലെ മൃഗങ്ങളെ ഈ വർഷം ഡിസംബറോടെ പുത്തൂർ സുവോളജിക്കൽ പാർക്കിലേക്ക് മാറ്റുമെന്ന് വനം മന്ത്രി അഡ്വ. കെ. രാജു അറിയിച്ചു. സുവോളജിക്കൽ പാർക്കിൽ സംസ്ഥാന വനമഹോത്സവം ഉദ്ഘാടന ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.

സമീപകാലത്ത് വനമേഖലയ്ക്ക് പ്രാധാന്യം കുറയ്ക്കാനുള്ള രീതിയിലാണ് ചില പ്രവൃത്തികൾ. എന്നാൽ സ്വകാര്യ മേഖലയ്ക്ക് വിട്ടുകൊടുത്ത പല വനമേഖലകളും സർക്കാർ ഏറ്റെടുത്ത് അവിടെ യഥാർത്ഥ വനം നിർമ്മിക്കും.

360 കോടിയുടെ സുവോളജിക്കൽ പാർക്കിനായി കിഫ്ബിയിൽനിന്ന് 269.75 കോടിയും ബാക്കി സംസ്ഥാന വിഹിതവുമാണ് അനുവദിച്ചിട്ടുള്ളത്. 2018 ഫെബ്രുവരിയിൽ ആരംഭിച്ച ഒന്നാംഘട്ടത്തിൽ ഉൾപ്പെടുന്ന നാല് കൂടുകളുടെ നിർമ്മാണം അന്തിമഘട്ടത്തിലാണ്. രണ്ടും മൂന്നും ഘട്ടങ്ങളായി 19 കൂടുകളുടെ നിർമ്മാണം കേന്ദ്ര പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിൽ നടക്കുകയാണ്. 338 ഏക്കർ വനഭൂമിയിൽ വന്യജീവികളെ പരിപാലിക്കുന്നതിനായി 23 കൂടുകൾ, സൂ ഹോസ്പിറ്റൽ സമുച്ചയം, അടിസ്ഥാന സൗകര്യം എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ചീഫ് വിപ്പ്‌ കെ. രാജൻ അദ്യക്ഷത വഹിച്ച ചടങ്ങിൽ പി. കെ കേശവൻ, പുത്തുർ പഞ്ചായത്ത് പ്രസിഡന്റ് മിനി ഉണ്ണിക്കൃഷ്ണൻ, ജില്ലാ പഞ്ചായത്ത് അംഗം ഇ.എ ഓമന എന്നിവർ സംസാരിച്ചു.