തൃശൂർ: ജില്ലയിലെ ആദ്യത്തെ ഫാസ്റ്റ് ട്രാക്ക് പോക്സോ കോടതി കുന്നംകുളത്ത് പ്രവർത്തനമാരംഭിച്ചു. ജില്ലയ്ക്ക് അനുവദിച്ചിട്ടുള്ള മൂന്ന് പോക്സോ കോടതികളിൽ ആദ്യത്തേതാണിത്. മറ്റ് രണ്ടെണ്ണത്തിന്റെ പ്രാരംഭ നടപടി ആരംഭിച്ചു. കുന്നംകുളം ഫാസ്റ്റ് ട്രാക്ക് പോക്‌സോ കോടതിയുടെ ആദ്യ ന്യായാധിപനായി എം.പി ഷിബു ചുമതലയേറ്റു. കുന്നംകുളം മജിസ്ട്രേറ്റ് കോടതിയുടെ ഒന്നാം നിലയിലാണ് പുതിയ പോക്സോ കോടതി പ്രവർത്തിക്കുന്നത്. വീഡിയോ കോൺഫറൻസിലൂടെ കേസ് വിസ്താരം നടത്തുന്നതിനുള്ള സൗകര്യമുൾപ്പെടെയാണ് സജ്ജീകരിച്ചിട്ടുള്ളത്. ഇതിന് പുറമെ പബ്ലിക്ക് പ്രോസിക്യൂട്ടറുടെ ഓഫീസ്, പീഡനങ്ങൾക്ക് ഇരയാകുന്ന കുട്ടികളുടെയും സാക്ഷികളുടെയും മൊഴി രേഖപ്പെടുത്തുന്നതിനുള്ള പ്രത്യേക മുറി തുടങ്ങിയവയും സജ്ജീകരിച്ചിട്ടുണ്ട്. ജുഡീഷ്യൽ ഓഫീസർ, ബഞ്ച് ക്ലർക്ക്, സീനിയർ ക്ലർക്ക്, സ്റ്റെനോഗ്രാഫർ, ടൈപ്പിസ്റ്റ്, രണ്ട് ഓഫീസ് അറ്റൻഡർമാർ എന്നിങ്ങനെയാണ് ഇവിടെയുള്ള തസ്തികകൾ. ചാവക്കാട്, കുന്നംകുളം താലൂക്ക് പരിധിയിൽ ഉൾപ്പെട്ട സ്റ്റേഷൻ പരിധിയിലെ കേസുകളാണ് പരിഗണിക്കുക. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് വീഡിയോ കോൺഫറൻസിലൂടെ മുഖ്യമന്ത്രി പിണറായി വിജയനും കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ്. മണികുമാറും ചേർന്ന് പോക്സോ കോടതിയുടെ ഔപചാരിക ഉദ്ഘാടനം നിർവഹിച്ചിരുന്നു.