വാടാനപ്പിള്ളി: നടുവിൽക്കര ജൂബിലി റോഡിന് സമീപത്തെ പാടവും തോടുകളും സ്വകാര്യ വ്യക്തി മണ്ണ് അടിച്ച് നികത്താനുള്ള ശ്രമം നാട്ടുകാർ തടഞ്ഞു. കാലവർഷത്തിൽ വെള്ളക്കെട്ടിന് സാദ്ധ്യതയുള്ള സ്ഥലത്താണ് കഴിഞ്ഞ ദിവസം സ്ഥലമുടമ നികത്താൻ ശ്രമിച്ചത്. പ്രദേശത്ത് നിരവധി വീടുകളുമുണ്ട്. ആറോളം ലോറികളിൽ മണ്ണ് കൊണ്ടുവന്ന് റോഡിലും തോട്ടിലുമായി നിക്ഷേപിച്ചു. കഴിഞ്ഞ രണ്ട് പ്രളയത്തിലും മുങ്ങിയ മേഖലയാണിത്. തോടും പാടവും നികത്തിയാൽ വെള്ളം ഒഴുകി പോകാൻ കഴിയാതെ പ്രദേശം വെള്ളക്കെട്ടിലാകാൻ കാരണമാകുമെന്ന തിരിച്ചറിവിലാണ് നാട്ടുകാർ എത്തി നികത്തൽ തടഞ്ഞത്. തുടർന്ന് ലോറിയുമായി ഡ്രൈവർമാർ മടങ്ങി. റോഡിലെ ചെളി യാത്രയ്ക്ക് ദോഷമായതോടെ നാട്ടുകാർ തന്നെ മാറ്റി. പ്രാദേശിക സി.പി.എം നേതാവിന്റെ ഒത്താശയോടെയാണ് പാടവും തോടും നികത്താൻ ശ്രമിച്ചതെന്ന് നാട്ടുകാർ ആരോപിച്ചു. ഇനിയും നികത്താനുള്ള ശ്രമം ആരംഭിച്ചാൽ പ്രക്ഷോഭത്തിന് രൂപം നൽകുമെന്നും പാർട്ടി വിടുമെന്നും പ്രദേശത്തെ സി.പി.എം പ്രവർത്തകർ പറഞ്ഞു.