ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രം കീഴ്ശാന്തി കീഴിയേടം രാമൻ നമ്പൂതിരിക്കെതിരെ ഗാർഹിക അന്വേഷണത്തിന് ദേവസ്വം ഭരണസമിതി മൂന്നംഗ സമിതിയെ നിയമിച്ചു. ക്ഷേത്രത്തിൽ കൊവിഡ് 19 പ്രതിരോധ നടപടികൾ ലംഘിച്ചതിനെ തുടർന്ന് ഇദ്ദേഹത്തെ കീഴ്ശാന്തി പ്രവൃത്തികളിൽ നിന്നും ഏപ്രിൽ 13 മുതൽ ദേവസ്വം മാറ്റി നിറുത്തിയിരുന്നു.
അഡ്വ. ടി.ആർ ശിവൻ അദ്ധ്യക്ഷനായും ക്ഷേത്രം ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റർ സി. ശങ്കർ, ക്ഷേത്രം മുൻ മാനേജർ ആർ. പരമേശ്വരൻ എന്നിവർ അംഗങ്ങളായുള്ള കമ്മിറ്റിയാണ് അന്വേഷണം നടത്തുക. ഒരു മാസത്തിനകം നടപടി പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കണം. ലോക്ക് ഡൗൺ നിലവിലുണ്ടായിരുന്ന ഏപ്രിൽ 8 മുതൽ 12 വരെയുള്ള ദിവസങ്ങളിൽ പ്രവൃത്തി ഇല്ലാത്ത സമയങ്ങളിൽ സർക്കാർ നിർദ്ദേശം ലംഘിച്ച് ക്ഷേത്രത്തിൽ പ്രവേശിച്ച് സമയം ചെലവഴിച്ചുവെന്നും ഉച്ചപൂജയ്ക്കുള്ള നിവേദ്യത്തിന് കാലതാമസം വരുത്തി എന്നുമാണ് പ്രധാന ആരോപണങ്ങൾ.
'സോപാനത്തിൽ വിളക്കുവയ്പ്പ്' തന്ത്രിയുടെ അനുവാദമില്ലാതെ ചെയ്തു എന്നും, ഉച്ചപൂജകഴിഞ്ഞ് നട അടയ്ക്കാൻ കാലതാമസം വരുത്തി, നിത്യപൂജകൾ പോലും മുടങ്ങും വിധം ക്ഷേത്രം അടച്ചുപൂട്ടാനുള്ള സാഹചര്യം വരുമെന്ന ഭീതി വരുത്തി എന്നിവയാണ് ഉയർന്നുവന്ന ആരോപണങ്ങൾ. ഇതുമായി ബന്ധപ്പെട്ട് ക്ഷേത്രം മാനേജർ, ക്ഷേത്രം ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റർ എന്നിവർ സമർപ്പിച്ച പ്രാഥമിക അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. സാക്ഷിമൊഴികൾ, സി.സി.ടി.വി ദൃശ്യം എന്നിവയുടെയും അടിസ്ഥാനത്തിൽ നേരത്തെ ഇദ്ദേഹത്തിന് കുറ്റപത്രം നൽകിയിരുന്നു. എന്നാൽ ആരോപണം നിഷേധിച്ച് രാമൻനമ്പൂതിരി മറുപടി നൽകിയതിനെ തുടർന്നാണ് മൂന്നംഗ കമ്മിറ്റിയെ നിയോഗിച്ചത്. അച്ചടക്കനടപടികൾ നിലനിറുത്തി നടപടികൾക്ക് വിധേയമായി കീഴ്ശാന്തി പ്രവൃത്തിയിൽ തിരികെ പ്രവേശിപ്പിക്കാനും ക്ഷേത്രം ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്ററോട് നിർദ്ദേശിച്ച് ഭരണസമിതി ഉത്തരവായി. യോഗത്തിൽ ചെയർമാൻ അഡ്വ. കെ.ബി. മോഹൻദാസ് അദ്ധ്യക്ഷത വഹിച്ചു. ഭരണസമിതി അംഗങ്ങളായ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരി, കെ. അജിത്, ഇ.പി.ആർ വേശാല, കെ.വി ഷാജി, എ.വി. പ്രശാന്ത്, അഡ്മിനിസ്‌ട്രേറ്റർ എസ്.വി ശിശിർ എന്നിവർ പങ്കെടുത്തു.