പുതുക്കാട്: ഹാരിസൺ മലയാളം കമ്പനി മുപ്ലിവാലിയിൽ റമ്പർ തോട്ടത്തിലെ കളകൾ നീക്കംചെയ്യാൻ നടത്തുന്ന വിഷപ്രയോഗം ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് ആശങ്ക. രണ്ട് വർഷം മുമ്പ് റീപ്ലാന്റ് ചെയ്ത തോട്ടങ്ങളിലെ കളകൾ നീക്കം ചെയ്യാനാണ് വിഷപ്രയോഗം. ഗ്ലൈഫോസേറ്റ് എന്ന മാരക കളനാശിനിയാണ് ഉപയോഗിക്കുന്നത്. അമേരിക്കൻ കമ്പനിയായ മൊൺസാന്റോണ് ഗ്ലൈഫോസേറ്റ് ഉൽപാദിപ്പിക്കുന്നത്. അമേരിക്കയിൽ എറ്റവും വലിയ തുക നഷ്ടപരിഹാരം നൽകിയ കമ്പനിയാണ് മൊൺസാന്റോ.
ലോകാരോഗ്യ സംഘടനയുടെ കീഴിലുള്ള ഇന്റർനാഷണൽ ഏജൻസി ഫോർ റിസർച്ച് ഓൺ കാൻസർ നടത്തിയ പഠനത്തെ തുടർന്ന് 2015ൽ പുറഞ്ഞു വന്ന റിപ്പോർട്ടിൽ മനുഷ്യർക്ക് നോൺ ഹോഡ്ജ്കിൻ ലിംഫോമ, ബിസെൽ ലിംഫോമ തുടങ്ങിയ കാൻസറിന് ഗ്ലൈഫോസേറ്റ് കാരണമാകുന്നതായി വ്യക്തമാക്കിയിട്ടുണ്ട്. ദേശിയ കീടനാശിനി വിവര വിനിമയ കേന്ദ്രം 2015 സെപ്തംബറിൽ പുറത്തുവിട്ട പഠന റിപ്പോർട്ടിൽ സസ്തനികളിലും കാൻസറിന് ഈ കീടനാശിനി കാരണമാകുന്നതായി പറയുന്നു. റബർ തോട്ടങ്ങളിൽ കമ്പനികൾ വിഷപ്രയോഗം ആരംഭിച്ചതിനെ തുടർന്ന് പുഴയിൽ നിന്നും ലഭിച്ചിരുന്ന മത്സ്യങ്ങളിൽ എട്ടോളം ഇനങ്ങൾ ലഭിക്കാതായതായി മത്സ്യ ബന്ധനം നടത്തുന്ന ആദിവാസികളും സാക്ഷ്യപെടുത്തുന്നു.
ചെരിഞ്ഞ പ്രതലങ്ങളിലും മഴയുള്ള സമയത്തും കളനാശിനി പ്രയോഗം നടത്തരുതെന്ന് നിർദേശിക്കുന്നുണ്ട്.

..................

വിഷം കുടിവെള്ളത്തിലും എത്തുമോ?

കുറുമാലി പുഴയുടെ ഉത്ഭവകേന്ദ്രങ്ങളോടടുത്താണ് മുപ്ലിവലി തോട്ടങ്ങൾ. കാരിക്കുളത്ത് കുറുമാലി പുഴയിൽ ചേരുന്ന മുപ്ലി പുഴയിലേക്കാണ് കിഴുക്കാം തൂക്കായ തോട്ടങ്ങളിൽ നിന്നുള്ള നീർചോലകൾ ഒഴുകി എത്തുന്നത്.
വനഭുമിയാണ് തോട്ടങ്ങൾ എന്നതും ഗുരുതരമായ പാരിസ്ഥിതിക പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നു. ഒട്ടേറെ കുടിവെള്ള പദ്ധതികൾ പ്രവർത്തിക്കുന്നത് കുറുമാലിപുഴയിലെ വെള്ളം ഉപയോഗിച്ചാണ് എന്നതും ശ്രദ്ധേയമാണ്.