ചാലക്കുടി: നഗരത്തിൽ കൊവിഡ് സ്ഥിരീകരിച്ച നഗരസഭാ കൗൺസിലറുടെ ഭർത്താവിന്റേയും മക്കളുടേയും പരിശോധനാ ഫലം നെഗറ്റീവായി. പ്രതിപക്ഷ നേതാവിനും കൊവിഡ്‌ ഇല്ലെന്ന് സ്ഥിരീകരിച്ചു. ഇതോടെ സമൂഹവ്യാപനം സംഭവിച്ചെന്ന ആശങ്കക്ക് അറുതിയായി. വ്യാഴാഴ്ച ഉച്ചയോടെയാണ് പരിശോധനാ ഫലം വന്നത്. കൗൺസിലർക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് നഗരസഭയിലെ ഏഴ് വാർഡുകൾ കണ്ടെയ്ൻമെന്റ് സോണുകളാക്കിയിരുന്നു. ഇവരുടെ സമ്പർക്ക പട്ടിക തയ്യാറാക്കുകയും അതിൽ ഉൾപ്പെട്ടവരെ ക്വാറന്റൈനിൽ പ്രവേശിപ്പിക്കുകയും ചെയ്തു. കൗൺസിലറുടെ കുടുംബത്തിന് രോഗമില്ലെന്ന സ്ഥിരീകരണത്തിൽ ചാലക്കുടിയ്ക്കുണ്ടായ ആശ്വാസം ചെറുതല്ല.