കുന്നംകുളം: കലശമല ഇക്കോ ടൂറിസം പദ്ധതിയുടെ വിപുലീകരണത്തിന് സ്ഥലം ഏറ്റെടുത്ത് ഉത്തരവായി. കുന്നംകുളം താലൂക്കിലെ അകതിയൂർ വില്ലേജിൽ ഉൾപ്പെടുന്ന 4.9261 ഹെക്ടർ ഭൂമിയാണ് പദ്ധതിക്കായി ഏറ്റെടുക്കുന്നത്. റോഡ് വികസനത്തിനായുള്ള 0.0910 ഹെക്ടർ ഉൾപ്പെടെയാണിത്. 4.8351 ഹെക്ടർ ഭൂമി സ്വകാര്യ വ്യക്തികളുടെ കൈവശമാണ്. ഇക്കോടൂറിസം പ്രോജക്ട് അറ്റ് കുന്നംകുളം എന്ന പദ്ധതിയിൽ കലശമല വിപുലീകരണത്തിനായി ബഡ്ജറ്റിൽ സംസ്ഥാന സർക്കാർ 10 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. അധിക ഭൂമികൂടി ഏറ്റെടുക്കുന്നതോടെ ജില്ലയിലെ വലിയ വിനോദ സഞ്ചാര കേന്ദ്രമായി കലശമല മാറും. 2.40 കോടി രൂപ ചെലവിൽ സംസ്ഥാന നിർമ്മിതി കേന്ദ്രത്തിന്റെ മേൽനോട്ടത്തിൽ നിർമ്മാണം പൂർത്തിയാക്കിയ വിശ്രമകേന്ദ്രം, കുട്ടികളുടെ പാർക്ക് എന്നിവ ഇതിനോടകം സഞ്ചാരികൾക്കായി തുറന്ന് കൊടുത്തിരുന്നു.
..........................
സർക്കാർ ഉത്തരവ് പുറത്തുവന്ന സാഹചര്യത്തിൽ 2013 ലെ ലാൻഡ് അക്വിസിഷൻ ആക്ട് പ്രകാരമുള്ള ഏറ്റെടുക്കൽ നടപടികൾ ഉടൻ ആരംഭിക്കും.
ഇപ്പോൾ ഏറ്റെടുക്കുന്ന സ്ഥലത്തിന് പുറമേ റവന്യു വകുപ്പിന്റെ അധീനതയിലുള്ള 0.7269 ഹെക്ടറും ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്തിന്റെ കൈവശമുള്ള ഹെക്ടർ 0.3407 ഭൂമിയുംകൂടി പദ്ധതിക്കായി കൈമാറാനുള്ള നടപടികൾ അന്തിമഘട്ടത്തിലാണ്. ഏറ്റെടുക്കൽ നടപടികൾ സമയബന്ധിതമായി പൂർത്തിയാക്കും
- മന്ത്രി എ.സി. മൊയ്തീൻ
......................
കലശമല ഇക്കോ ടൂറിസം പദ്ധതിയിൽ
ഏറ്റെടുക്കുന്നത് 4.9261 ഹെക്ടർ ഭൂമി
4.8351 ഹെക്ടർ ഭൂമി സ്വകാര്യ വ്യക്തികളുടെ കൈവശം
കലശമല വിപുലീകരണത്തിന് ബഡ്ജറ്റിൽ സംസ്ഥാന സർക്കാർ 10 കോടി രൂപ വകയിരുത്തിയിട്ടുണ്ട്
നിർമ്മാണം പൂർത്തിയാക്കിയ വിശ്രമകേന്ദ്രം, കുട്ടികളുടെ പാർക്ക് എന്നിവ തുറന്നുകൊടുത്തു