പെരിങ്ങോട്ടുകര: ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള ചേരിതിരിഞ്ഞുള്ള ആക്രമണം മേഖലയിലെ ജനങ്ങളെ ഭീതിയിലാഴ്ത്തുന്നു. കഴിഞ്ഞ രണ്ടാഴ്ചയായി പ്രദേശത്ത് ഗുണ്ടാ സംഘങ്ങൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയിരുന്നു. സ്ഥിരം ക്രിമിനൽ കേസുകളിലെ പ്രതികളാണ് ഏറ്റുമുട്ടുന്നത്. ഗുണ്ടാ നേതാവിന്റെ വീട് ആക്രമണവും യുവാവിനെ വെട്ടി പരിക്കേൽപ്പിച്ചതുമാണ് അവസാനത്തെ സംഭവം.
അതിന് ശേഷമാണ് കൊല്ലപ്പെട്ട ആദർശിനെ ലക്ഷ്യമിട്ട് സംഘം നീങ്ങിയത്. ദിവസങ്ങളായി ഇവർ പ്രദേശത്ത് തമ്പടിച്ചിരുന്നതായാണ് സൂചന. ഒരു വർഷത്തിലധികമായി ചെമ്മാപ്പിള്ളി, മുറ്റിച്ചൂർ, പെരിങ്ങോട്ടുകര പ്രദേശങ്ങളിലെ അക്രമണങ്ങളിൽ രണ്ട് സംഘത്തിൽപെട്ട അംഗങ്ങളാണ് പ്രവർത്തിച്ചിരുന്നത്. കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം പരസ്പരം ഏറ്റുമുട്ടുകയാണ് ഇവർ ചെയ്യുന്നത്. കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരി മരുന്നുകളും ഇവർ ഉപയോഗിച്ചിരുന്നു. സംഘത്തിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്തിരുന്നതും ലഹരി നൽകിയായിരുന്നുവെന്നും പറയുന്നു. ചില രാഷ്ട്രീയ പാർട്ടികളും ഇവരെ സഹായിച്ചിരുന്നതായും ആരോപണമുണ്ട്. ചേരി തിരിഞ്ഞ ആക്രമണം നടക്കുന്നത് മൂലം അന്തിക്കാട് സ്റ്റേഷൻ പരിധിയിൽ സംഘർഷാവസ്ഥ പതിവായിരിക്കുകയാണ്. ദൂരപരിധിയും പൊലീസുകാരില്ലാത്തതും മൂലം അന്തിക്കാട് പൊലീസ് നട്ടം തിരിയുകയാണ്. ജനങ്ങൾക്ക് സുരക്ഷ ഒരുക്കുവാൻ പൊലീസിന് കഴിയുന്നില്ല. പെരിങ്ങോട്ടുകരയിലെ പൊലീസ് ഔട്ട്‌പോസ്റ്റ് പൊലീസ് സ്റ്റേഷനാക്കി ഉയർത്തണമെന്ന ആവശ്യം ഇതോടെ ശക്തമാകാനിടയാകും.