കയ്പമംഗലം: മഴയെ പേടിച്ച് പച്ചക്കറി കൃഷി തോട്ടത്തിൽ കരനെൽക്കൃഷിയിറക്കി മധുചക്കാലക്കൽ. കയ്പമംഗലം പഞ്ചായത്ത് അഞ്ചാം വാർഡിലെ തന്റെ പച്ചക്കറി കൃഷി നടത്തിയിരുന്ന സ്ഥലത്താണ് നെൽക്കൃഷിയിറക്കിയത്. കയ്പമംഗലം പഞ്ചായത്ത് പ്രസിഡന്റ് ടി.വി സുരേഷ് ഉദ്ഘാടനം ചെയ്തു.
ക്ഷേമകാര്യ വികസന ചെയർപേഴ്‌സൺ ലതാ ഭരതൻ അദ്ധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ ശാന്തി, ഡോ. ഷാജഹാൻ, സീരിയൽ ആർട്ടിസ്റ്റ് രാജീവ് മേനോൻ, ബാബു, മണി എന്നിവർ പങ്കെടുത്തു. ഒരേക്കറോളം വരുന്ന സ്ഥലത്ത് നിരവധി വർഷമായി ജൈവക്കൃഷി നടത്തി വരുന്ന മധു ചക്കാലക്കൽ വർഷമെത്തിയതോടെ പരീക്ഷണാർത്ഥമാണ് കരനെൽക്കൃഷിയിറക്കുന്നത്.
ആറ് മാസം മുമ്പ് വിഷരഹിത വെണ്ടക്കൃഷി നടത്തിയും, മൂന്ന് വർഷം മുമ്പ് ഇവിടെ ഹൈബ്രിഡ് പപ്പായ കൃഷി ചെയ്തും വൻ വിജയം നേടിയിരുന്നു. വാഴ, പയർ, വഴുതന, തക്കാളി, പച്ചമുളക്, പടവലം, കക്കരി, ചീര, ഇഞ്ചി തുടങ്ങി വിവിധയിനം പച്ചക്കറികൾ ഇവിടെ കൃഷി ചെയ്തിരുന്നു. ഇക്കോ ഷോപ്പ് വഴിയാണ് പച്ചക്കറി വിറ്റിരുന്നത്. ഇക്കഴിഞ്ഞ മഴക്കെടുതിയിൽ രണ്ടര ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി മധു പറഞ്ഞു. അതു കൊണ്ടാണ് മഴയിലും നശിച്ചു പോകാത്ത രീതിയിൽ കരനെൽക്കൃഷിക്കിറങ്ങിയത്....