തൃശൂർ : സാമൂഹിക വ്യാപന സാദ്ധ്യതയുടെ ആശങ്ക നിലനിൽക്കുന്ന സാഹചര്യത്തിൽ ദിവസവും 1500 പേർക്ക് പരിശോധന നടത്താൻ തീരുമാനം.

രോഗികളുടെ എണ്ണം ദിനംപ്രതി കൂടി വരുന്ന ഘട്ടത്തിൽ നെഞ്ചിടിപ്പ് വർദ്ധിക്കുന്നത് ആംബുലൻസ് ഡ്രൈവർമാർക്കാണ്. വരും ദിവസങ്ങളിൽ പരിശോധനയുടെ എണ്ണം കൂട്ടുന്നതോടെ ഇത് കൂടും.

താലൂക്ക് തലങ്ങളിൽ മൂന്ന് വീതം ആംബുലൻസ് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇത് പര്യാപ്തമാകില്ലെന്നും ഇവർ പറയുന്നു. കൊവിഡ് ഡ്യൂട്ടി ആരംഭിച്ചത് മുതൽ ജില്ലയിലെ 108 ആംബുലൻസ് ഓടിക്കുന്ന ഡ്രൈവർമാർക്ക് വിശ്രമമില്ല. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നൂറിലേറെ ഡ്രൈവർമാരാണ് ജോലി ചെയ്യുന്നത്. ഇതിൽ പലരും മാസങ്ങളായി സ്വന്തം വീടുകളിൽ പോയിട്ട്.

ഇതിനിടെ തങ്ങൾക്ക് രോഗം പകരുമോയെന്ന ആശങ്ക വേറെയും. നിലവിൽ കൊവിഡ് ഡ്യൂട്ടിക്കുള്ള ആംബുലൻസ് മുഴുവനും വലിയ വാഹനങ്ങളാണ്. സംശയമുള്ള രോഗികളെയും മറ്റും വീടുകളിലെത്തി സ്രവമെടുത്ത ശേഷം തിരിച്ച് വീടുകളിൽ എത്തിക്കുന്നതും ഇതിൽത്തന്നെയാണ്. എന്നാൽ പല സ്ഥലങ്ങളിലും സ്രവം എടുക്കുന്നവരുടെ വീടിനടുത്തേക്ക് വാഹനമെത്താത്ത സ്ഥിതിയാണ്. കൊവിഡ് ആയതിനാൽ വണ്ടി താഴുകയോ മറ്റോ ചെയ്താൽ സഹായത്തിന് പോലും ആരും വരാത്ത സ്ഥിതിയുണ്ട്. ഹൈദരാബാദ് ആസ്ഥാനമായുള്ള സ്വകാര്യ കമ്പനിയാണ് ജില്ലയിലെ 108 വാഹനങ്ങളുടെ നടത്തിപ്പ്. ആരോഗ്യ വകുപ്പ് ഓൺലൈൻ വഴി നൽകുന്ന നിർദ്ദേശമനുസരിച്ചാണ് ഇവരുടെ പ്രവർത്തനം.

വേണം ചെറിയ വാഹനങ്ങൾ


ഗ്രാമപ്രദേശങ്ങളിലും ഇടവഴികളിലും മറ്റും സർവ്വീസ് നടത്തുന്നതിന് ചെറിയ ഒമ്നി പോലുള്ള വാഹനങ്ങൾ ഏറെ സഹായകരമാകുമെന്ന് ഇവർ അഭിപ്രായപ്പെടുന്നു. നിലവിൽ ഏതാനും സർക്കാർ ആശുപത്രികളിലും പഞ്ചായത്തുകളിലും മാത്രമാണ് ഇത്തരം വാഹനങ്ങൾ ഉള്ളത്.

................

ആകെ 108 ആംബുലൻസ് 33
24 മണിക്കൂറും സർവീസ് നടത്തുന്നത് 13
രാവിലെ 8 മുതൽ രാത്രി 8 വരെ 10

ഡ്രൈവർമാർ
24 മണിക്കൂർ വാഹനത്തിന് ഒരെണ്ണത്തിന് 4 പേർ (ഷിഫ്റ്റ് അടിസ്ഥാനത്തിൽ)
12 മണിക്കൂറിന് രണ്ട് പേർ

ആകെ പരിശോധനാ കേന്ദ്രങ്ങൾ 30

വെല്ലുവിളി


ഡ്രൈവർമാർക്ക് രോഗം പകരുകയും കൂടുതൽ പേർ നിരീക്ഷണത്തിൽ പോകുകയും ചെയ്താൽ ബദൽ സംവിധാനം ഒരുക്കാൻ സാധിക്കാത്ത അവസ്ഥ നിലനിൽക്കുന്നുണ്ട്.

അടുത്ത ആഴ്ച മുതൽ 1500 പേർക്ക് പരിശോധന


രോഗവ്യാപനം കണ്ടെത്തുന്നതിന്റെ ഭാഗമായി 11 മുതൽ ദിവസവും 1500 പേരുടെ സ്രവ പരിശോധന നടത്തുന്നതിനുള്ള ക്രമീകരണം ആരംഭിച്ചു. സാമൂഹിക വ്യാപനം ഉണ്ടെങ്കിൽ അത് മനസിലാക്കാനുള്ള നടപടിയുടെ ഭാഗമായാണിത്. ഓരോ കേന്ദ്രങ്ങളിലെയും ഒരു ഡോക്ടർ, ഒരു നഴ്‌സ് എന്നിവർക്കുള്ള പരിശീലനം ഉടൻ ആരംഭിക്കും. തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിൽ നിശ്ചിത സമയത്തായിരിക്കും പരിശോധന.