maniyankinnar
പാണഞ്ചേരി പഞ്ചായത്തിലെ മണിയൻ കിണർ ഊര്

തൃശൂർ: പാണഞ്ചേരി മണിയൻ കിണർ കോളനിയിൽ വികസനത്തിന്റെ മണിമുഴക്കം. 13.25 ലക്ഷം രൂപയുടെ വികസന പ്രവർത്തനങ്ങൾ വനമഹോത്സവത്തിന്റെ ഭാഗമായി നടക്കും. കൊവിഡ് പ്രതിരോധ കിറ്റ് വിതരണത്തിനായി അര ലക്ഷം രൂപ, എൽ.പി.ജി വിതരണത്തിനായി 80,500 രൂപ, പി.എസ്.സി പരിശീലന സഹായ പദ്ധതിക്കായി 10,000 രൂപ തുടങ്ങിയവയാണ് മണിയൻ കിണർ കോളനിക്ക് വേണ്ടിയുള്ള വിവിധ പദ്ധതികൾ.

വനമഹോത്സവത്തിന്റെ ഭാഗമായി പീച്ചി വൈൽഡ് ലൈഫ് ഡിവിഷന് കീഴിൽ 7,650 ഫലവൃക്ഷതൈകളാണ് നട്ടുപിടിപ്പിക്കുന്നത്. ഇതിൽ 2000 മണിയൻ കിണറിലാണ്. ആദിവാസി മേഖലയിൽ കൂടുതലായി 150 തൊഴിൽ ദിനങ്ങൾ ലഭ്യമാക്കും. ജനവാസ മേഖലകളോട് ചേർന്നുള്ള വനമേഖലയിൽ ഫലവൃക്ഷങ്ങൾ വെച്ചുപിടിപ്പിക്കുന്നത് വഴി വന്യമൃഗങ്ങൾ ജനവാസ കേന്ദ്രങ്ങളിൽ ഇറങ്ങുന്നത് തടയാനാകും. പരിസ്ഥിതി പുനരുദ്ധാരണവും ഉറപ്പാക്കും. വന മഹോത്സവത്തിന്റെ ഭാഗമായി ഒളകര ആദിവാസി കോളനിയിലെ 23 ആദിവാസി കുടുംബങ്ങൾക്കുള്ള എൽ.പി.ജി വിതരണവും ഇതോടൊപ്പം നടത്തും.

മഴക്കാലപൂർവ പ്രതിരോധ പ്രവർത്തനങ്ങൾക്കായി 165 കുടുംബങ്ങൾക്ക് പ്രതിരോധ ഔഷധ കിറ്റ് തയ്യാറാക്കും. ആദിവാസി കോളനിയിലെ യുവതീ യുവാക്കൾക്കായി പി. എസ്. സി പരീക്ഷാ തയ്യാറെടുപ്പിന് വിദ്യാരണ്യം പദ്ധതി ആരംഭിക്കും. വന്യമൃഗങ്ങളുടെ ശല്യം കൂടുതലുള്ള സ്ഥലങ്ങളിൽ സൗരോർജ്ജ വിളക്കുകൾ, സൗരോർജ്ജ വേലികൾ സ്ഥാപിക്കും. പോത്തുചാടി -മണിയൻ കിണറിലെ റോഡിന്റെ നിർമ്മാണപ്രവർത്തനത്തിനും തുടക്കമായി.

.....................................................

കേരളത്തിലാദ്യമായി റേഷൻ ഊരുകളിലെത്തിച്ച് വിതരണം ചെയ്യുന്ന പദ്ധതിക്ക് തുടക്കമായത് മണിയൻ കിണർ കോളനിയിലാണ്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പ് പ്രചരണത്തിനെത്തിയപ്പോൾ നൽകിയ വാഗ്ദാനം പാലിക്കുകയായിരുന്നു. ഈ കോളനിയിലെ ജനതയ്ക്ക് വേണ്ടത് തുല്യതയാണ് എന്ന ലക്ഷ്യത്തോടെയാണ് ജില്ല പഞ്ചായത്തിന്റെ സഹായത്തോടെ നിർമ്മിച്ച കെട്ടിടത്തിൽ ലൈബ്രറി തുടങ്ങിയത്. കുട്ടികളുടെ ഓൺലൈൻ പഠനത്തിനായി വായനശാലകളിലും കമ്യൂണിറ്റി കേന്ദ്രങ്ങളിലും ടെലിവിഷനുകളും നൽകി.

കെ.രാജൻ

ചീഫ് വിപ്പ്

കേരള നിയമസഭ

ഫണ്ട് അനുവദിച്ചത് ഇങ്ങനെ

മണിയൻ കിണർ കോളനിക്ക് ചുറ്റും സൗരോർജ്ജ വേലി കെട്ടാൻ

5.3 ലക്ഷം

സോളാർ സ്ട്രീറ്റ് ലൈറ്റ്

2.5 ലക്ഷം

പോത്തുചാടി- മണിയൻ കിണർ റോഡിന്

4 ലക്ഷം