തൃശൂർ: ദുബായ് കെ.എം.സി.സി, പ്രവാസി മലയാളികൾക്കായി മൈ ഹെൽത്ത് എന്ന പേരിൽ ഇൻഷ്വറൻസ് പദ്ധതി നടപ്പിലാക്കുന്നു. തക്കാഫുൾ ഇമറാത്ത് എന്ന പ്രമുഖ ഇൻഷ്വറൻസ് കമ്പനിയുമായി ചേർന്നാണ് പദ്ധതി. 893 ദിർഹം (18,154 രൂപ) വാർഷിക പ്രീമിയം അടച്ച് പദ്ധതിയിൽ ചേരുമ്പോൾ 50.8 ലക്ഷത്തിന്റെ (രണ്ടര ലക്ഷം ദിർഹം) പരിരക്ഷ ലഭിക്കും. ഇന്ത്യയിലെ ആശുപത്രികളിലെ ചികിത്സയ്ക്കും പരിരക്ഷ ലഭിക്കും.
1.01 ലക്ഷം രൂപയുടെ മരുന്നും സൗജന്യമായി ലഭിക്കും. നേരിട്ട് ഇൻഷ്വറൻസിൽ ചേരുമ്പോൾ ഈ കമ്പനിയുടെ വാർഷിക പ്രീമിയം 28,462 രൂപയാണ്. വിസ അടങ്ങിയ പാസ്പോർട്ടിന്റെ കോപ്പിയും എമിറേറ്റ്സ് ഐഡിയും 893 ദിർഹവുമായി കെ.എം.സി.സി ഓഫീസിൽ ചെന്നാൽ പദ്ധതിയിൽ ചേരാം. ചേരുന്നയാൾ 65 വയസിൽ താഴെയുള്ള ആളായിരിക്കണം.
യു. എ. ഇയിലെ പ്രശസ്തമായ 20 ഹോസ്പിറ്റലുകൾ, അഞ്ഞൂറ് ക്ലിനിക്കുകൾ, നൂറ് കണക്കിന് ഫാർമസികൾ എന്നിവയിലൂടെ ആനുകൂല്യം ലഭിക്കുമെന്ന് ദുബായ് കെ.എം.സി.സി സംസ്ഥാന കമ്മിറ്റി ഓർഗനൈസിംഗ് സെക്രട്ടറി ഹംസ തൊട്ടിയിൽ അറിയിച്ചു.