എരുമപ്പെട്ടി എരുമപ്പെട്ടി പഞ്ചായത്തിലെ ഒമ്പതാം വാർഡിൽ ഉൾപ്പെട്ട ചിറ്റണ്ട -മങ്ങാട് റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാത്തതിനെതിരെ വ്യാപക പ്രതിഷേധം. റോഡ് പുനർ നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് ഓട്ടോ-ടാക്സി തൊഴിലാളികൾ രംഗത്തെത്തി. ചിറ്റണ്ട സെന്ററിൽ നിന്ന് മങ്ങാട് പ്രദേശത്തേക്ക് പോകുന്ന പ്രധാന റോഡാണ് തകർന്ന് കുണ്ടും കുഴിയും നിറഞ്ഞ് കാൽ നടയാത്രക്ക് പോലും കഴിയാത്ത അവസ്ഥയിലായിരിക്കുന്നത്. ജില്ലയിലെ പ്രധാന പ്രകൃതി വിനോദ സഞ്ചാര കേന്ദ്രമായ ചിറ്റണ്ട ചെറുചക്കി ചോലയിലേക്കും ഹോമിയോ ഡിസ്പെൻസറി, മൃഗാശുപത്രി എന്നിവടങ്ങളിലേക്കുമുള്ള റോഡാണിത്. സർക്കാരിന്റെ ഇക്കോ ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ള ചെറുചക്കി ചോലയിലേക്ക് മഴക്കാലമായ കാരണം വിനോദ സഞ്ചാരികൾ എത്താറുണ്ട്. ഇത്രയും പ്രധാനപ്പെട്ട റോഡാണ് ആധികൃതരുടെ അവഗണകൊണ്ട് വർഷങ്ങളായി സഞ്ചാരയോഗ്യമല്ലാതായി കിടക്കുന്നത്.
പഞ്ചായത്ത് ഭരണസമിതി കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഈ വാർഡിലേക്ക് ഒരു കോടി രൂപ വികസന പ്രവർത്തനങ്ങൾക്കായി അനുവദിച്ചതായും വാർഡിനെ പ്രതിനിധീകരിക്കുന്ന മെമ്പറുടെ അനാസ്ഥയാണ് റോഡിന്റെ പുനർ നിർമ്മാണത്തിന് തടസമാകുന്നതെന്നും നാട്ടുകാർ ആരോപിച്ചു. കഴിഞ്ഞ 15 വർഷമായി പഞ്ചായത്തിനെ പ്രതിനിധീകരിച്ചവരും 25 വർഷമായി ബ്ലോക്ക് പഞ്ചായത്തതിനെ പ്രധിനിധീകരിച്ചവരും റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാൻ നടപടി സ്വീകരിച്ചില്ലെന്ന് നാട്ടുകാർ പറയുന്നു. ചിറ്റണ്ട സ്വദേശിയായ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും റോഡിന്റെ ദുരവസ്ഥ കണ്ടില്ലെന്ന് നടിക്കുകയാണെന്നും ആക്ഷേപമുണ്ട്. പ്രതിഷേധ സമരത്തിന് ഓട്ടോ-ടാക്സി തൊഴിലാളികളായ രതീഷ് ചേലത്ത്, സതീഷ് ഇടമന, നിഷാദ്, സി.വി സന്തോഷ്, ഐ.ജി. രാജേഷ് എന്നിവർ നേതൃത്വം നൽകി.