തൃശൂർ: കൊവിഡ് കാലത്തെ നേരിടാൻ സപ്ലൈകോ ഓൺലൈൻ കച്ചവട മേഖലയിലേക്ക് പ്രവേശിക്കുന്നുവെന്ന് ഭക്ഷ്യ-സിവിൽ വകുപ്പ് സപ്ലൈസ് മന്ത്രി പി. തിലോത്തമൻ. സംസ്ഥാനത്ത് നവീകരിച്ച പറപ്പൂക്കരയിലെ നന്തിക്കര ഉൾപ്പെടെ എട്ട് സപ്ലൈകോ സൂപ്പർ സ്റ്റോറുകളുടെ ഓൺലൈൻ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. വൈറസ് വ്യാപനം നിലനിൽക്കുന്ന സാഹചര്യത്തിൽ അവശ്യവസ്തുക്കൾ വീട്ടുപടിക്കൽ എത്തിക്കുക എന്ന ഉദ്ദേശത്തോടെയാണ് ഓൺലൈൻ കച്ചവടം ആരംഭിക്കുന്നത്. അവശ്യവസ്തുക്കൾക്ക് കമ്പോള വിലയേക്കാൾ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കുകയും ഉപഭോക്താക്കൾക്ക് ആവശ്യമായ ഉത്പന്നങ്ങൾ സ്വയം തിരഞ്ഞെടുക്കുന്നതിനുള്ള മൗലിക അവകാശം സംരക്ഷിക്കുകയുമാണ് സപ്ലൈകോ സൂപ്പർ സ്റ്റോറുകളുടെ പ്രവർത്തനത്തിലൂടെ സർക്കാർ ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു.