പെരിങ്ങോട്ടുകര: താന്ന്യത്ത് ഗുണ്ടാസംഘം വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതികൾ പൊലീസ് കസ്റ്റഡിയിലായതായി സൂചന. പ്രതികളെന്ന് സംശയിക്കുന്ന എട്ട് പേരാണ് കസ്റ്റഡിയിലുള്ളത്.

ഉയർന്ന പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിൽ ഇന്ന് പ്രതികളെ വിശദമായി ചോദ്യം ചെയ്യും. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തും. കൊല്ലപ്പെട്ട യുവാവിന്റെ മൃതദേഹം ഇന്നലെ സംസ്കരിച്ചു. താന്ന്യം കുറ്റിക്കാട്ട് സുരേഷ് മകൻ ആദർശാണ് (29) വീടിന് സമീപം വെട്ടേറ്റ് മരിച്ചത്. ചായക്കടയിലിരിക്കുകയായിരുന്ന ആദർശിനെ പുറത്തേക്ക് വിളിച്ചു വരുത്തിയശേഷം വെട്ടുകയായിരുന്നു. നാലംഗ സംഘമാണ് അക്രമം നടത്തിയത്.

പിന്നീട് രക്ഷപ്പെട്ട അക്രമി സംഘം ഉപയോഗിച്ചിരുന്ന കാർ ചെന്ത്രാപ്പിന്നിയിൽ നിന്നും കണ്ടെത്തി. മുറ്റിച്ചൂർ സ്വദേശി ഒരു മാസത്തേക്ക് വാടകയ്ക്കെടുത്ത കാറാണ് അക്രമികൾ ഉപയോഗിച്ചതെന്ന് അന്വേഷണത്തിൽ വ്യക്തമായിരുന്നു. കാർ ഫോറൻസിക് വിദഗ്ദ്ധർ പരിശോധിച്ചു. കഴിഞ്ഞയാഴ്ച പെരിങ്ങോട്ടുകരയിൽ ഗുണ്ടാനേതാവിന്റെ വീട് അക്രമിക്കുകയും യുവാവിനെ വെട്ടി പരിക്കേൽപ്പിക്കുകയും ചെയ്ത സംഭവവുമായി ഇതിന് ബന്ധമില്ലെന്നാണ് പൊലീസ് നൽകുന്ന സൂചന. മേഖലയിൽ മുമ്പ് നടന്ന അക്രമസംഭവങ്ങളിൽപെട്ടവർ തന്നെയാണ് ആദർശിനെ കൊലപ്പെടുത്തിയ കേസിലും പങ്കെടുത്തിട്ടുള്ളതെന്നാണ് വിവരം. കൊല്ലപ്പെട്ട ആദർശ് ഡി.വൈ.എഫ്.ഐയുടെ സജീവ പ്രവർത്തകനാണ്.