തൃശൂർ: സാമൂഹിക വ്യാപനം തിരിച്ചറിയാനായി, വിദേശയാത്ര നടത്തിയിട്ടില്ലാത്തവരെയും സമൂഹത്തിൽ കൂടുതലായി ഇടപഴകുന്ന തൊഴിൽ വിഭാഗങ്ങളിലുള്ളവരെയും വ്യാപകമായി പരിശോധനയ്ക്ക് വിധേയരാക്കുമ്പോഴും വിലങ്ങു തടിയാകുന്നത് ആരോഗ്യപ്രവർത്തകരുടെ ക്ഷാമം.
കൊവിഡ് രോഗികളുള്ള ആശുപത്രികളിൽ താത്കാലികമായി ഡോക്ടർമാരെ നിയോഗിക്കാൻ ശ്രമം തുടങ്ങിയിട്ടുണ്ടെങ്കിലും കൊവിഡ് പരിശോധനയ്ക്കും ആശുപത്രികളിലെ ഡ്യൂട്ടിക്കുമായി നിലവിലുള്ള ജീവനക്കാർ തന്നെ തികയുന്നില്ല. പ്രതിരോധ പ്രവർത്തനം കൂടുതൽ വ്യാപകമാക്കിയതോടെ അവധിയില്ലാതെ പ്രവർത്തിക്കുന്നവരാണ് ഏറെയും.
രോഗവ്യാപനം കാരണം സ്വന്തം സ്ഥലങ്ങളിലേക്ക് പലർക്കും സ്ഥലം മാറ്റവും കിട്ടിയില്ല. എല്ലാവരും ദിവസവും ജോലിക്കെത്തിയിട്ട് പോലും മെഡിക്കൽ കോളേജ് അടക്കമുള്ള ആശുപത്രികളിൽ രോഗീ പരിപാലനത്തിന് തടസം നേരിടുന്നു. ഇനി കൂടുതൽ ജീവനക്കാർ അവധി അപേക്ഷ സമർപ്പിച്ചാൽ സ്ഥിതി കൂടുതൽ വഷളാവും. മെഡിക്കൽ കോളേജിൽ കൊവിഡ് ഡ്യൂട്ടിയിൽ ഒരു ബാച്ചിൽ 150 പേരാണുളളത്. നിലവിൽ നൂറോളം രോഗികൾ ഉള്ളതിനാൽ ഇനി രോഗികളെ അവിടെ പ്രവേശിക്കാനാവില്ലെന്നാണ് വിവരം.
ലാബിൽ സയന്റിസ്റ്റില്ല
പരിശോധന നടത്തുന്ന ഗവ. മെഡിക്കൽ കോളേജ് വൈറോളജി ലാബ് പ്രവർത്തിക്കുന്നത് സയന്റിസ്റ്റില്ലാതെയാണ്. ഉണ്ടായിരുന്ന ഒരേയൊരു നോൺ മെഡിക്കൽ സയന്റിസ്റ്റിനെ കരാർ കാലാവധിക്ക് ശേഷം പിരിച്ചുവിട്ടു. മൂന്ന് ദിവസമായി ശാസ്ത്രജ്ഞൻ ഇല്ലാതെയാണ് ലാബ് പ്രവർത്തിക്കുന്നത്. രോഗപരിശോധനയുടെ തുടക്കം മുതൽ ഫലം കിട്ടുന്നതു വരെ ശാസ്ത്രജ്ഞന്റെ പങ്കാളിത്തം വേണം. പുതിയ ആളെ നിയമിക്കാനായി നിശ്ചയിച്ചിരുന്ന അഭിമുഖവും നടത്തിയിട്ടില്ല. മറ്റു മെഡിക്കൽ കോളേജുകളിലെല്ലാം കരാർ പുതുക്കിയിരുന്നു. പരിചയ സമ്പന്നരുടെ സേവനം ഉപയോഗപ്പെടുത്താനായിരുന്നു ഇത്.
വ്യാപകപരിശോധന ഉടൻ
പ്രതിദിനം 1500 പേർക്ക് കൊവിഡ് പരിശോധന നടത്താനുള്ള ശ്രമത്തിലാണ് ആരോഗ്യവകുപ്പ്. കൊവിഡ് ബാധ സ്ഥിരീകരിച്ച ശേഷം കേരളത്തിലെ പതിനാലു ജില്ലകളിലും സെന്റിനെൽ സർവൈലൻസ് കേന്ദ്രം തുടങ്ങിയിരുന്നു. റാപിഡ് ആന്റിബോഡി ടെസ്റ്റ് വഴിയാണ് സെന്റിനെൽ സർവൈലൻസ് നടത്തുന്നത്. സംസ്ഥാനത്ത് 15,000 പേർക്ക് പ്രതിദിന പരിശോധന നടത്താനാണ് ലക്ഷ്യം.
ലക്ഷ്യമിടുന്നത്
ആരോഗ്യപ്രവർത്തകർ
പൊലീസ്
എക്‌സൈസ്
സിവിൽ സപ്‌ളൈസ് ഉദ്യോഗസ്ഥർ
ക്വാറന്റൈൻ കേന്ദ്രങ്ങളിലെ ജീവനക്കാർ
ക്വാറന്റൈനിലുള്ളവരുടെ കുടുംബാംഗങ്ങൾ, ബന്ധുക്കൾ.
.........
ജില്ലയിൽ നിലവിൽ സെന്റിനൈൽ സർവൈലൻസ് നടത്തുന്നത് 500-600 പേർക്ക്
പരിശോധന ബ്‌ളോക്കുകൾ വഴി ഓരോ പഞ്ചായത്തുകൾ കേന്ദ്രീകരിച്ച്
ഇങ്ങനെ ശേഖരിക്കുന്ന ഡാറ്റയിലൂടെ രോഗത്തിന്റെ ട്രെൻഡ് അറിയാം
ഒരു പ്രദേശത്തോ, സമൂഹത്തിലെ പ്രത്യേക വിഭാഗത്തിനോ ഉള്ള രോഗബാധ വ്യക്തമാകും