പെരിങ്ങോട്ടുകര: ഗുണ്ടാസംഘങ്ങൾ മൂലമുള്ള കുടിപ്പക മൂലം താന്ന്യത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതികളെ മണിക്കൂറുകൾക്കുള്ളിൽ അറസ്റ്റ് ചെയ്ത് പൊലീസിന്റെ പ്രത്യേക അന്വേഷണസംഘം. താന്ന്യം കുറ്റിക്കാട്ട് സുരേഷന്റെ മകൻ ആദർശ് (മക്കു29) കൊല്ലപ്പെട്ട കേസിലാണ് അറസ്റ്റ്. കാറിൽ മാരകായുധങ്ങളുമായി എത്തിയ നാലംഗ സംഘമാണ് അക്രമം നടത്തിയത്. ഇവർ സഞ്ചരിച്ചിരുന്ന കാർ പിന്നീട് ചെന്ത്രാപ്പിന്നിയിൽ നിന്ന് കണ്ടെത്തിയിരുന്നു. റൂറൽ ജില്ലാ പൊലീസ് മേധാവി അന്തിക്കാട് സ്റ്റേഷനിൽ ക്യാമ്പ് ചെയ്ത് അന്വേഷണം ഏകോപിപ്പിച്ചു. 10 ടീമുകളായിട്ടായിരുന്നു അന്വേഷണം. പൊലീസിന്റെ ഊർജ്ജിതമായ പ്രവർത്തനമാണ് മണിക്കൂറുകൾക്കകം പ്രതികളെ വലയിലാക്കാൻ സാധിച്ചത്. തൃശൂർ റേഞ്ച് ഡി.ഐ.ജി എസ്. സുരേന്ദ്രന്റെ മേൽനോട്ടത്തിൽ റൂറൽ ജില്ലാ പൊലീസ് മേധാവി ആർ. വിശ്വനാഥിന്റെ നിർദ്ദേശാനുസരണം ഇരിങ്ങാലക്കുട ഡിവൈ.എസ്.പി ഫേമസ് വർഗ്ഗീസ്, സ്‌പെഷൽ ബ്രാഞ്ച് ഡിവൈ.എസ്.പി എം.കെ ഗോപാലകൃഷ്ണൻ, റൂറൽ ഡി.സി.ആർ.ബി ഡിവൈ.എസ്.പി രാമചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ രൂപീകരിച്ച അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.
എസ്.എച്ച്.ഒ ബിജോയ് പി.ആർ, അന്തിക്കാട് എസ്.ഐ സുശാന്ത്, ജില്ലാ ക്രൈം ബ്രാഞ്ച് എസ്.ഐ മുഹമ്മദ് റാഫി, എ.എസ്.ഐമാരായ ജയകൃഷ്ണൻ, ജോബ്, സതീശൻ, മുഹമ്മദ്, അഷറഫ്, ഗോപി, സിവിൽ പൊലീസ് ഓഫീസർമാരായ ഷെഫീർ ബാബു, സൂരജ് വി. ദേവ്, ലിജു ഇയ്യാനി, ബിനു, ഉമേഷ്, ഷിജോ തോമസ്, സോണി, ഷറഫുദ്ദീൻ, ജില്ലാ സ്‌പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ റഷീദ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. ഇരിങ്ങാലക്കുട എസ്.എച്ച്.ഒ ജിജോ എം.ജെ, ചേർപ്പ് എസ്.എച്ച്.ഒ ഷിബു, എസ്.എച്ച്.ഒ ശ്രീകാന്ത്, കൊടുങ്ങല്ലൂർ എസ്.ഐ ബൈജു ഇ.ആർ, കയ്പമംഗലം എസ്.ഐ പാട്രിക്ക്, എ.എസ്.ഐമാരായ ജയ്‌സൺ, സിദ്ധിക്ക്, സുനിൽ, സുമൽ, സീനിയർ സി.പി.ഒമാരായ ജീവൻ, മാനുവൽ, അനൂപ്, വൈശാഖ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി.