ചാലക്കുടി: മുരിങ്ങൂരിലെ അലൂമിനിയം കമ്പനിയിൽ കണ്ടെത്തിയ അഞ്ഞൂറ് ചാക്ക് റേഷനരിയുടെ ഉറവിടം തേടി സിവിൽ സപ്ലൈസ് അന്വേഷണം ആരംഭിച്ചു. ഇതിന്റെ ഭാഗമായി സമീപ പ്രദേശങ്ങളിലെ റേഷൻ കടകളിൽ പരിശോധന നടത്തി. റേഷൻ വിതരണവുമായി ബന്ധമില്ലാത്തതിനാൽ ഇത്രയും അരി ഗോഡൗണിൽ സംഭരിച്ചതാണ് സംശയങ്ങൾക്ക് വഴി തുറന്നത്.
കമ്പനിയിൽ ജോലി ചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളികൾക്കായാണ് അരി വാങ്ങിയതെന്ന് ഉടമ പറയുന്നു. എന്നാൽ ഇതിന്റെ രേഖകൾ ഹാജരാക്കാൻ ഇയാൾക്ക് കഴിഞ്ഞിട്ടില്ല. പിടിച്ചെടുത്തത് റേഷൻ അരിയാണെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ലോക്ഡൗൺ കാലത്ത് കമ്പനിയിലെ തൊഴിലാളികൾക്കായി കാടുകുറ്റി പഞ്ചായത്ത് നൽകിയത് ആകെ അഞ്ഞൂറു കിലോ അരിയാണെന്ന് പ്രസിഡന്റ് തോമസ് ഐ. കണ്ണത്ത് പറഞ്ഞു. കൊവിഡിനെ തുടർന്ന് റേഷൻ കടകളിൽ ഇ പോസ് മെഷിൻ ഉപയോഗിക്കാതെയായിരുന്നു ഭക്ഷ്യധാന്യങ്ങളുടെ വിതരണം.
ഇതിന്റെ മറവിൽ കടത്തിയ അരിയാണെന്നാണ് അനുമാനം. കഴിഞ്ഞ നാലു വർഷമായി കമ്പനിയിൽ ഇത്തരത്തിൽ റേഷൻ അരി എത്തുന്നുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. വെള്ളിയാഴ്ച രാത്രി ഏഴോടെയാണ് മണ്ടിക്കുന്നിലെ കമ്പനിയിൽ ഉദ്യോഗസ്ഥർ പരിശോധയ്‌ക്കെത്തിയത്. പിടികൂടിയ മുഴുവൻ അരിയും കൊമ്പിടിയിലെ സിവിൽ സപ്ലൈസ് ഗോഡൗണിലേയ്ക്ക് മാറ്റി. ഇതുസംബന്ധിച്ചുള്ള റിപ്പോർട്ട് ജില്ലാ കളക്ടർക്ക് കൈമാറും.