ചാലക്കുടി: കൊവിഡ് ഭീതിയിൽ ചാലക്കുടിയിലെ ഫയർഫോഴ്‌സ് യൂണിറ്റിന്റെ പ്രവർത്തനം അവതാളത്തിൽ. സ്റ്റേഷൻ ഓഫീസറും നാലു ജീവനക്കാരും ക്വാറന്റൈനിലായതാണ് ആഗ്‌നിശമന വിഭാഗത്തിനും പ്രതിസന്ധിയായത്. മാർക്കറ്റ് ശുചീകരണ വേളയിൽ പിന്നീട് കൊവിഡ് സ്ഥിരീകരിച്ച വനിതാ കൗൺസിലർ എത്തിയതിനെ തുടർന്നായിരുന്നു സ്റ്റേഷൻ ഓഫീസറോട് നിരീക്ഷണത്തിൽ പോകാൻ ആരോഗ്യ വകുപ്പ് നിദ്ദേശിച്ചത്. നാലു ജീവനക്കാരും ക്വാറന്റൈനിലായി. ഇതോടെ നഗരത്തിലെ അഗ്‌നിശമന സേനയുടെ പ്രവർത്തനവും അനിശ്ചിതത്വത്തിലായി. മാർക്കറ്റിലെ ശുചീകരണം കഴിഞ്ഞെത്തിയ ഓഫീസറും കൂട്ടരും മറ്റു ജീവനക്കാരുമായി സമ്പർക്കമുണ്ടായിരുന്നു. ഇത് എല്ലാ ജീവനക്കാരിലും ആശങ്കക്കിടയാക്കി. ഇതിന്റെ അടിസ്ഥാനത്തിൽ ഓരോ ആഴ്ചയിലും പകുതി ജീവനക്കാർ എത്തിയാൽ മതിയെന്ന നിബന്ധന വച്ചിരിക്കുകയാണ്. ശുചീകരണ പ്രവർത്തനങ്ങളും താത്കാലികമായി നിറുത്തിവച്ചു. ജീവനക്കാരുടെ ഭീതി അകറ്റുന്നതിനായി സ്റ്റേഷൻ ഓഫീസർ കഴിഞ്ഞ ദിവസം സ്രവ പരിശോധന നടത്തിയിട്ടുണ്ട്. ഫലം നെഗറ്റീവായാൽ അടുത്ത ദിവസം ജോലിയിൽ പ്രവേശിക്കുന്നതിന് ജീല്ലാ ഓഫീസറുടെ അനുമതിയോടെയാണ് പരിശോധന നടത്തിയത്.