automatic-dispencer
ഓട്ടോമാറ്റിക്ക് ഡിസ്‌പെൻസറിനോടൊപ്പം ഗെയിൽ ആനിമേഷ്

കൊടകര: കൊവിഡിനെതിരെ പൊരുതാൻ കൈനീട്ടിയാൽ കൈകൾ ശുദ്ധമാകുന്ന ഓട്ടോമാറ്റിക്ക് ഡിസ്‌പെൻസർ നിർമ്മിച്ച് 10-ാം ക്ലാസുകാരൻ. കൊടകര വഴിയമ്പലം കോനുപറമ്പിൽ അനിമേഷിന്റെ മകൻ ഗെയിൽ ആണ് ലേസർ സെൻസറിന്റെ സഹായത്തോടെ ഈ ഓട്ടോമാറ്റിക് ഡിസ്‌പെൻസർ തയ്യാറാക്കിയിരിക്കുന്നത്.

സർക്കാരിന്റെ ബ്രേക്ക് ദി ചെയിൻ പദ്ധതിക്ക് ഏറ്റവും സഹായമാകുന്ന സംവിധാനമാണിത്. കൈ വെറുതെ ഒന്ന് നീട്ടിയാൽ കൈകളിലേക്ക് സാനിറ്റൈസർ വീഴുന്ന രീതിയിലാണ് ഇതിന്റെ പ്രവർത്തനം. സ്പർശനം ഇല്ലാതെ സാനിറ്റൈസർ ലഭ്യമാകുകയും അതുവഴി രോഗവ്യാപനം തടയുകയുമാണ് ലക്ഷ്യം. ബാറ്ററി ഉപയോഗിച്ചാണ് ഇത് പ്രവർത്തിക്കുന്നതിനാൽ വൈദ്യുതി ചെലവും കുറവാണ്. ഇതിൽ ഹാൻഡ് വാഷോ സോപ്പോ ഏതുവേണമെങ്കിലും ഉപയോഗിക്കാം.

ഓട്ടോമാറ്റിക്ക് ഡിസ്‌പെൻസർ കൂടാതെ ഡിസി ബൂസ്റ്റർ, മിനി ഇൻവെർട്ടർ, ഓട്ടോമാറ്റിക്ക് ഹീറ്റർ കൂളർ എന്നിവയും ഈ കൗമാരക്കാർ ഇതിനകം നിർമിച്ചിട്ടുണ്ട്. ആളൂർ സെന്റ് ജോസഫ് സ്‌കൂളിലെ വിദ്യാർത്ഥിയാണ്. സ്‌കൂളിലെ സയൻസ് എക്‌സിബിഷനിൽ അവതരിപ്പിച്ച കാലാവസ്ഥക്കനുസരിച്ച് മാറുന്ന ഓട്ടോമാറ്റിക്ക് ഹീറ്റർ കൂളറിന് സമ്മാനവും ലഭിച്ചിട്ടുണ്ട്. ഗ്രാഫിക് ഡിസൈനറായ പിതാവ് അനിമേഷും അമ്മ പ്രീമയും സഹോദരൻ ഗ്ലെനും ഗെയിലിന് കട്ട സപ്പോർട്ടാണ്.

................................................

ഓട്ടോമാറ്റിക്ക് ഡിസ്‌പെൻസറിന്റെ പ്രവർത്തനം

എൽ.ഡി.ആർ സെൻസറിൽ ലേസർ ബീം പതിക്കുന്നത് തടസപ്പെടുന്നതോടെ മോട്ടോർ പ്രവർത്തിച്ചു തുടങ്ങും. ബോട്ടിലിൽ നിറച്ചിരിക്കുന്ന ഹാൻഡ് വാഷിൽ ബന്ധിപ്പിച്ചിരിക്കുന്ന ട്യൂബിലൂടെ മോട്ടോർ വഴി വലിച്ചെടുത്ത് മറ്റൊരു ട്യൂബിലൂടെ പുറത്തേക്ക് നൽകും. ട്യൂബിനു താഴെ കൈ കാണിക്കുമ്പോൾ ലേസർ ബീം തടസപ്പെട്ട് മോട്ടോർ പ്രവർത്തിച്ച് ഹാൻഡ് വാഷ് കൈകളിലേക്ക് വീഴും. കൈ എടുക്കുന്നതോടെ ലേസർ ബീം സെൻസറിൽ പതിച്ച് മോട്ടോറിന്റെ പ്രവർത്തനം നിലക്കും. ചിപ്പ് കണ്ട്രോളർ, ലേസർ, എയർ പമ്പ്, എൽ.ഡി.ആർ സെൻസർ, പവർബാങ്ക്, യു.എസ്.ബി കേബിൾ എന്നിവയാണ് ഈ സിസ്റ്റത്തിൽ ഉപയോഗിച്ചിരിക്കുന്നത്. കൊവിഡിനെ പ്രതിരോധിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇത് നിർമ്മിച്ചതെങ്കിലും ദ്രാവകരൂപത്തിനുള്ളതെന്തും ഇതിൽ ഉപയോഗിക്കാം. ഉപയോഗശൂന്യമാകാതെ നിശ്ചിത അളവ് ക്രമീകരിക്കാനും ഡിസ്‌പെൻസറിൽ സാധിക്കും.