വാടാനപ്പള്ളി: പ്ലസ് ടു കണക്ക് പരീക്ഷയുടെ ഉത്തരക്കടലാസുകള്‍ കാണാതായ സംഭവത്തില്‍ വിദ്യാഭ്യാസ വകുപ്പിന് തുടക്കം മുതല്‍ സംഭവിച്ചത് ഗുരുതര വീഴ്ചയാണെന്ന് മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് സി.എ മുഹമ്മദ് റഷീദ്. 'കേരളം ഉത്തരക്കടലാസുകൾ തിരയുന്നു' എന്ന തലക്കെട്ടിൽ എം.എസ്.എഫ് മണലൂർ നിയോജകമണ്ഡലം കമ്മിറ്റി വാടാനപ്പള്ളിയിൽ സംഘടിപ്പിച്ച പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പരീക്ഷാഫലം ജൂലായ് പത്താം തീയതി പ്രഖ്യാപിക്കാനിരിക്കെയാണ് 61 വിദ്യാർത്ഥികളുടെ ഉത്തരക്കടലാസുകളെ കുറിച്ച് ഒരു വ്യക്തതയും ഇല്ലാത്തത്.
വിദ്യാഭ്യാസ മന്ത്രിയുടെ മുഖംമൂടിയണിഞ്ഞ് ടോർച്ചും മൊബൈൽ ലൈറ്റും തെളിച്ച് സെന്ററിലും ബസ് സ്റ്റോപ്പുകളിലും പ്രതീകാത്മകമായി ഉത്തര പേപ്പറുകൾ തിരഞ്ഞാണ് സമരം ആരംഭിച്ചത്. എം.എസ്.എഫ് മണലൂർ നിയോജക മണ്ഡലം പ്രസിഡന്റ് ഫർഹാൻ പാടൂർ അദ്ധ്യക്ഷനായി. യൂത്ത് ലീഗ് ജില്ലാ ജനറൽ സെക്രട്ടറി എ.എം സനൗഫൽ മുഖ്യപ്രഭാഷണം നടത്തി. സി.എ സൽമാൻ, ആർ.എച്ച് ഹാഷിം, മിസ്ഹബ് തങ്ങൾ, പി.എസ് ഷറഫുദ്ദീൻ, വി.എം മുഹമ്മദ് സമാൻ, പി.എ സുഹൈൽ, കെ.എസ് ഹുസൈൻ എന്നിവർ സംസാരിച്ചു.