reshma-krishi-2
വീട് കൃഷിയിടമാക്കിയ രേഷ്മ.

കൊടകര: അലങ്കാരത്തിനും കൗതുകത്തിനുമായി കൃഷി തുടങ്ങിയതാണ് രേഷ്മ, വീടിനകത്തും പുറത്തും കൈ എത്തുന്നിടത്തെല്ലാം കൃഷിയൊരുക്കി, ഒടുവിൽ വിളവെടുത്തപ്പോൾ നൂറുമേനി. വലിയ പുരയ്ക്കൽ സുനിലിന്റെ ഭാര്യ രേഷ്മയാണ് മട്ടുപ്പാവിൽ മാത്രമല്ല, താമസിക്കുന്ന വീട് മുഴുവൻ കൃഷിയിടമാക്കാമെന്ന് തെളിയിക്കുന്നത്.

വീടിന്റെ ഒഴിവുള്ള എല്ലായിടത്തും കൃഷിക്കായി പ്രയോജനപ്പെടുത്തിയിട്ടുണ്ട്. മുറ്റവും വരാന്തയും ഗോവണിയുമെല്ലാം രേഷ്മയുടെ കൃഷിയിടങ്ങളാണ്. വെണ്ട, വഴുതന, പയർ, അമരപ്പയർ, തക്കാളി തുടങ്ങി ശൈത്യകാല വിളകളായ കോളിഫ്‌ളവർ, കാബേജ് എന്നിവയും വിവിധയിനം പച്ചമുളകുകളും ഇവിടെ വിജയകരമായി വിളയിച്ചെടുക്കുന്നു. ഔഷധച്ചെടികളും കുറ്റിക്കുരുമുളകും അലങ്കാരച്ചെടികളും വീടിന്റെ മൂന്നുനിലകളിലായി വളരുന്നുണ്ട്.

വീട്ടിൽ മനോഹരമായ ഹാഗിംഗ് ഗാർഡനും ഒരുക്കിയിട്ടുണ്ട് ഈ വീട്ടമ്മ. വീട്ടുമുറ്റത്ത് വൈവിദ്ധ്യമാർന്ന അലങ്കാരച്ചെടികളുടെ ശേഖരവുമുണ്ട്. പച്ച നിറത്തിൽ പൂക്കളുള്ള പനിനീർച്ചെടിയാണ് പ്രധാനി. കൂടാതെ താമരയും ആമ്പലും അലങ്കാര മത്സ്യങ്ങളും ഈ കുടുംബത്തിന്റെ ഓമനകളാണ്. കൗതുകത്തിനായി ആരംഭിച്ച കൃഷി നൂറുമേനി വിളവ് തന്നതിന്റെ സന്തോഷത്തിലാണ് സംഗീത അദ്ധ്യാപിക കൂടിയായ രേഷ്മ. വിദേശത്ത് മാർക്കറ്റിംഗ് എക്‌സിക്യൂട്ടിവായി ജോലി ചെയ്യുന്ന ഭർത്താവ് സുനിലും മക്കളായ മഹാലക്ഷ്മി, ആദിലക്ഷ്മി, സീതാലക്ഷ്മി എന്നിവരും രേഷ്മയ്ക്ക് പ്രോത്സാഹനവുമായി ഒപ്പമുണ്ട്.

വിഷ രഹിതമായ പച്ചക്കറി ലഭിക്കാനായി ലളിതമായി ആരംഭിച്ച കൃഷി പിന്നീട് ഹരമായി മാറുകയായിരുന്നു. വീട്ടാവശ്യം കഴിഞ്ഞ് ചെറിയ തോതിൽ വിൽപ്പന നടത്താനുള്ള പച്ചക്കറികളും ഇപ്പോൾ ലഭിക്കുന്നുണ്ട്.

- രേഷ്മ