കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂരിലെ വ്യാപാര സമുച്ചയമായ സെൻട്രോ മാളിലെ സ്ഥാപനങ്ങൾക്ക് ആശ്വാസമായി മാൾ ഉടമ ബഷീർ ഞാറക്കാട്ടിൽ. ഈ കൊവിഡ് കാലത്ത് വ്യാപാര ആശങ്കയിൽ വിഷമിക്കുന്ന എല്ലാ സ്ഥാപന ഉടമകൾക്കും മൂന്നു മാസത്തെ വാടകയും പരിചരണ തുകയും പൂർണ്ണമായും ഒഴിവാക്കി നൽകി.
പ്രതിസന്ധിയിലും, ഓരോ മാസവും ഇരുപത്തിയഞ്ച് ലക്ഷം രൂപയിലധികമാണ് ഇത്തരമൊരു ആനുകൂല്യം നൽകിയതിലൂടെ മാൾ ഉടമയ്ക്ക് നഷ്ടമാകുന്നത്. മറ്റു കെട്ടിടങ്ങളെക്കാൾ മാളിനെ സംബന്ധിച്ച് അടഞ്ഞു കിടന്നാലും, നിശ്ചിത വൈദ്യുത ചാർജ്ജും ജോലിക്കാരുടെ ശമ്പളവും മറ്റു മെയ്ന്റൻസിനുമായി മാസം വലിയ തുക ചെലവാണ്.
പ്രത്യക്ഷത്തിൽ ഇരുന്നൂറോളം പേരും പരോക്ഷമായി അഞ്ഞൂറിലധികവും ആളുകളും ജോലി ചെയ്തുവരുന്ന സ്ഥാപനമാണ് ഇത്. അമ്പത് ലക്ഷത്തിലധികം രൂപയാണ് ഇതിലൂടെ നഷ്ടമുണ്ടാകുക എന്ന് കരുതുന്നു. കൊവിഡ് കാലത്തെ വിനാശം കണ്ടില്ലെന്ന് നടിക്കുവാൻ തന്നെ പോലെയുള്ള ഒരു മുൻ പൊതുപ്രവർത്തകന് സാധിക്കുകയില്ലായെന്ന് ബഷീർ പറഞ്ഞു. ഇത്തരം ഒരു നീക്കത്തിലൂടെ മാളുകാർക്കും മറ്റ് കെട്ടിട ഉടമകൾക്കും, നഗരസഭയ്ക്ക് പോലും മാതൃകമായ തീരുമാനമാണ് എടുത്തതെന്ന് മാളിലെ ഖാദി നടത്തിപ്പുകാരനായ പൊതുപ്രവർത്തകൻ ഇ.എസ് സാബു വിലയിരുത്തി.