പെരിങ്ങോട്ടുകര: താന്ന്യത്ത് യുവാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്ന കേസിലെ പ്രതികളായ ഒമ്പത് പേരെ പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. മുറ്റിച്ചൂർ അയ്യപ്പൻ കാവ് ക്ഷേത്രത്തിന് സമീപം പെരിങ്ങാട്ട് വീട്ടിൽ ഹിരത്ത് എന്ന മനു (23), പടിയം കൂട്ടാല വീട്ടിൽ നിജിൽ എന്ന കുഞ്ഞാപ്പു (27), കണ്ടശ്ശാങ്കടവ് താണിക്കൽ വീട്ടിൽ ഷനിൽ (23), ചാവക്കാട് പൊലീസ് ക്വാർട്ടേഴ്സ് ഇത്തിപറമ്പിൽ വീട്ടിൽ പ്രജിൽ (24), മുറ്റിച്ചൂർ ചക്കാണ്ടി ഷിബിൻ (21), മുറ്റിച്ചൂർ കൂട്ടാല നിമേഷ് (22), കൂട്ടാല വീട്ടിൽ നിതിൻ എന്ന അപ്പു (27), കോക്കാൻ മുക്ക് വാലപ്പറമ്പിൽ ബ്രഷ്നേവ് (21), മുറ്റിച്ചൂർ പണിക്കവീട്ടിൽ ഷിഹാബ് (23) എന്നിവരാണ് പിടിയിലായത്.
ഗുണ്ടാപ്പകയാണ് ആക്രമത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. ഒരു മാസം മുമ്പ് തന്നെ കൊലപാതകം പ്രതികൾ ആസൂത്രണം ചെയ്തിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിന് ശേഷം പ്രതികൾക്ക് ആവശ്യമായ സഹായം ഒരുക്കികൊടുത്തവരെയും കൊലപാതകത്തിന് പിറകിലെ ഗൂഢാലോചനയെ കുറിച്ചും അന്വേഷിച്ചുവരുന്നതായി ഡി.ഐ.ജി എസ്. സുരേന്ദ്രൻ, എസ്.പി വിശ്വനാഥ്, ഡി.വൈ.എസ്.പി ഫേമസ് വർഗ്ഗീസ് എന്നിവർ പറഞ്ഞു.
പിടിയിലായ പ്രതികളിൽ ഹീരത്ത് എന്ന മനു അന്തിക്കാട് പൊലീസ് സ്റ്റേഷനിലെ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ്. നിജിൻ എന്ന കുഞ്ഞാപ്പു, ബ്രഷ്നേവ് എന്നിവർ സ്റ്റേഷൻ റൗഡികളും, പി.ജി ദീപക് വധക്കേസ് ഉൾപ്പെടെ നിരവധി കേസുകളിലെ പ്രതികളാണ്. മറ്റു പ്രതികളിൽ നിധിൻ എന്ന അപ്പു, ഷിഹാബ് എന്നിവർ സ്റ്റേഷൻ റൗഡികളാണ്. പ്രജിൽ ചാവക്കാട് സ്റ്റേഷനിലെ വധശ്രമക്കേസുകളിലും നിമേഷ് അന്തിക്കാട് സ്റ്റേഷനിലെ നിരവധി ക്രിമിനൽ കേസുകളിലും പ്രതികളാണ്. ഒരു ബന്ധുവടക്കം നാലു പ്രതികൾ ഒരു കുടുംബത്തിലെ അംഗങ്ങളാണ്. ജൂലായ് രണ്ടിന് രാവിലെ പത്തോടെയാണ് താന്ന്യം വെള്ളിയാഴ്ച ചന്തയുടെ വടക്കുഭാഗത്ത് താമസിക്കുന്ന ആദർശ് വെട്ടേറ്റു മരിച്ചത്.