തൃശൂർ: കൊവിഡ് ഭീതി കാരണം ജില്ലയിലെ രക്തബാങ്കുകളിലുണ്ടായ രൂക്ഷമായ രക്തക്ഷാമം മറികടക്കാൻ വ്യാപകമായ രക്തദാനപരിപാടികൾ ഒരുക്കുന്നു. സന്നദ്ധസംഘടനകളുടെ സൗകര്യപ്രകാരം കൊവിഡ് പ്രതിരാേധ സുരക്ഷയും സൗകര്യവും രക്തബാങ്കുകളിൽ ഒരുക്കാനും നിർദേശം നൽകി.

അടിയന്തര ഘട്ടങ്ങളിൽ രക്തം ഉറപ്പാക്കാനായി മറ്റൊരു രക്തബാങ്കിനെ കൂടി ആശ്രയിക്കണമെന്ന് ആശുപത്രികൾക്ക് മുന്നറിയിപ്പും നൽകിയിട്ടുണ്ട്. സന്നദ്ധസംഘടനകളും ക്ളബുകളും സമീപ രക്തബാങ്കുകളിൽ രക്തദാനത്തിന് തയ്യാറാവാനും അതിനുളള സൗകര്യം ഉറപ്പുവരുത്തണം. മുൻനിശ്ചയ പ്രകാരമുളള ശസ്ത്രക്രിയകൾ, പ്രസവം തുടങ്ങിയ ആവശ്യങ്ങൾക്ക് മുൻപ് തന്നെ രക്തദാതാക്കളെ ബന്ധപ്പെടണം. ദാതാക്കളിൽ നിന്ന് രക്തം ശേഖരിച്ച് അതത് ആശുപത്രികളിൽ നിക്ഷേപിച്ചാൽ ആഴ്ചകൾ കഴിഞ്ഞാണ് ആവശ്യമെങ്കിലും രക്തം ഉപയോഗിക്കാൻ കഴിയുമെന്നും ജില്ലാ നോഡൽ ഓഫീസർ അറിയിച്ചു. രക്തം കിട്ടാതായതോടെ, രക്തദാനത്തിന് ആളെത്തേടി അർബുദ രോഗികളും ശസ്ത്രക്രിയ കാത്തു കഴിയുന്നവരും നെട്ടോട്ടമോടുകയാണ്.

നൂറോളം പേരെത്തി

രക്തക്ഷാമം തിരിച്ചറിഞ്ഞ് വിവിധ സംഘടനകളിലെ അംഗങ്ങളും വിദ്യാർത്ഥികളും അടക്കം നൂറോളം പേർ ഇന്നലെ ഗവ.മെഡിക്കൽ കോളേജിൽ എത്തി രക്തദാനം നടത്തി. വരും ദിവസങ്ങളിലും കൂടുതൽ പേർ രക്തദാനത്തിന് സന്നദ്ധരായി എത്തുമെന്നാണ് പ്രതീക്ഷ.

...................................

ജില്ലയിലെ രക്തബാങ്കുകൾ: 18

കുറവ്: 20-30 ശതമാനം

.............................

മറ്റ് നിർദ്ദേശങ്ങൾ:


ജീവൻ രക്ഷിക്കുവാൻ ശാസ്ത്രീയമായി യോജിക്കുന്ന മറ്റു രക്ത ഗ്രൂപ്പുകൾ നൽകുക.
ഡോക്ടർമാർ രക്തലഭ്യത ഉറപ്പാക്കി മുൻകൂട്ടി നിശ്ചയിക്കാവുന്ന ശസ്ത്രക്രിയകളും മറ്റും ചെയ്യുക.

വരും ദിവസങ്ങളിൽ ഡെങ്കി പോലുള്ള പകർച്ചപ്പനികൾ പ്ലേറ്റിലെറ്റിന്റെയും മറ്റും ആവശ്യകത കൂട്ടും

കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുളള ക്യാമ്പുകൾ നടത്തി രക്തദാനത്തിന് ശ്രമം നടത്തണം

..........................................

തിരിച്ചടിയായത് ഇവ

കൊവിഡ് വ്യാപന ഭീതി

യാത്രാ ക്ലേശം

കണ്ടെയ്‌ൻമെൻ്റ് സോൺ കൂടിയത്

മഴ

സന്നദ്ധ രക്തദാന ക്യാമ്പുകൾ കുറഞ്ഞത്

...............................................

ജില്ലയിലെ പ്രധാന അഞ്ച് രക്ത ബാങ്കുകളായ ഗവ. മെഡിക്കൽ കോളേജ്, ജനറൽ ആശുപത്രി, ഐ എം എ, ജൂബിലി മെഡിക്കൽ കോളേജ്, അമല മെഡിക്കൽ കോളേജ് എന്നിവിടങ്ങളിലാണ് രക്തക്ഷാമം ഗുരുതരമാകുന്നത്.

- ഡോ. സജിത്ത്, ജില്ലാ നോഡൽ ഓഫീസർ