joseph
അപകടം നടന്ന ഭാഗം ചൂണ്ടിക്കാണിക്കുന്ന ജോസഫ്

മാള: ആ കടവത്ത് ദുരന്തം നടന്നിട്ട് നാല് പതിറ്റാണ്ടായി, നാല് ജീവിതങ്ങൾ ഒഴുകിപ്പോയി. കുറെ കാലവും. പക്ഷേ നടുങ്ങുന്ന ആ ദൃശ്യങ്ങളിൽ നിന്ന് നീന്തിക്കയറിയിട്ടില്ല രക്ഷകനും ദൃക്‌സാക്ഷിയുമായ ജോസഫ്. ഇത് മാളയ്ക്കടുത്തുള്ള കുഴൂരിലെ കുണ്ടൂർ. കാലം 1980 ജൂലായ് 14. ആലമറ്റം സ്വദേശി എടശ്ശേരി ജോസഫിന് അന്ന് 34 വയസ്.

"വീട്ടിൽ പശുവുണ്ടായിരുന്നു. കടവിൽ സഹോദരന്റെ ചായക്കടയിലേക്ക് പാൽ കൊടുത്ത് രാവിലെ ഏഴോടെ തിരിച്ച് പോകുകയായിരുന്നു ഞാൻ. അകലെ നിന്ന് ഒരു കൂട്ടക്കരച്ചിൽ. നോക്കുമ്പോൾ കടവത്ത് നിന്ന് 20 മീറ്റർ മാത്രം അകലെ മുങ്ങുന്ന വഞ്ചി. നല്ല മഴയും കാറ്റും. ഓടി പുഴക്കരയിൽ എത്തിയപ്പോൾ ഒരു കുട്ടി ഒഴുകിപ്പോകുന്നു. പുഴയിലേക്ക് ചാടി ആ കുട്ടിയെ രക്ഷിച്ചു. ഏഴ് വയസായിരുന്നു അവന്. വെള്ളത്തിനടിയിൽ ഏറെ നോക്കി. പക്ഷേ ഒഴുകിപ്പോയവരെ കണ്ടെത്താനായില്ല". അതേ കടവത്ത് ഇരുന്ന് പഴങ്കഥ പറയുമ്പോൾ 74ാം വയസിൽ ജോസഫിന്റെ മുഖത്ത് കാലം തീർത്ത ചുളിവുകൾ ഒന്നുകൂടി കൂടി.

"വള്ളത്തിൽ ഉണ്ടായിരുന്നത് 16 യാത്രക്കാരും രണ്ട് സൈക്കിളും. മഴ ഉണ്ടായിരുന്നതിനാൽ പലരും കുട ചൂടിയിരുന്നു. കാറ്റ് വന്നതോടെ വഞ്ചിയുടെ താളം തെറ്റി. ആ രക്ഷാ പ്രവർത്തനത്തിന് 1982 ൽ രാഷ്ട്രപതിയുടെ ജീവൻ രക്ഷാപതക് ലഭിച്ചു". ജോസഫ് പറഞ്ഞു.

വഞ്ചി മറിഞ്ഞ് ആലുവ സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥനായ കുഴൂർ സ്വദേശി തോട്ടാപ്പിള്ളി വർഗീസ്, പൈങ്ങ കച്ചവടക്കാരൻ കളപ്പറമ്പത്ത് ചുമ്മാർ, ഹോമിയോ ഡോക്ടർ വിപ്പാട്ട് വാര്യം രാജശേഖരൻ, പൂപ്പത്തി സ്വദേശി ആറ്റാശ്ശേരി ദിനേശൻ എന്നിവർ മരിച്ചു. മുങ്ങിത്താഴ്ന്ന നാല് പേരെ രക്ഷപ്പെടുത്തിയാണ് വർഗീസ് പോയത്. രാജശേഖരന്റെ മൃതദേഹം പോലും ലഭിച്ചില്ല. മറ്റുള്ളവരുടെ മൃതദേഹം മൂന്ന് ദിവസമായപ്പോൾ പൊന്തി. കുണ്ടൂരിൽ നിന്ന് കടത്തുകടന്ന് എത്തുന്നത് എറണാകുളത്തെ കുത്തിയതോട് ആണ്. അവിടെ നിന്ന് ആലുവയ്ക്ക് അടക്കം ബസ് കിട്ടും. കടവിന് കാര്യമായ മാറ്റമൊന്നും വന്നിട്ടില്ല. പാലം വേണമെന്ന നാട്ടുകാരുടെ ആവശ്യത്തിനും. സർക്കാരും അധികൃതരും എന്നേ മറന്നു അതെല്ലാം. തെളിവ് ആ കടവത്ത് കെട്ടിയിട്ട കടത്തുവള്ളം തന്നെ. അക്കാലത്ത് ദിവസവും 500 പേരെങ്കിലും മരാമത്ത് വകുപ്പിന്റെ രണ്ട് കടത്തുവഞ്ചിയിലായി യാത്ര ചെയ്തിരുന്നു. ഇന്നത് ഒരു വഞ്ചിയായി, ഇരുപത് വരെ യാത്രക്കാരുമായി. ഇപ്പോൾ കുഴൂർ പഞ്ചായത്തിനാണ് ചുമതല.

....................

പാലത്തിനായി കുണ്ടൂർ ഭാഗത്തെ അളവ് കഴിഞ്ഞു. ബഡ്ജറ്റിൽ പണം അനുവദിച്ചു. സ്ഥലം എടുക്കുന്നതുമായി ബന്ധപ്പെട്ട് തർക്കം തുടരുകയാണ്.

ഫ്രാൻസിസ് കുര്യൻ
ഐനിക്കൽ
കുണ്ടൂർ